
ദോഹ: ഒക്ടോബറിൽ ഖത്തർ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെ നേരിൽ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ. ഡിസംബർ 3 നാണ് അനുമതി ലഭിച്ചത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
വധശിക്ഷയ്‌ക്കെതിരായി ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. “ഇതുവരെ രണ്ട് വാദംകേൾക്കലുകൾ നടന്നിട്ടുണ്ട് (നവംബർ 23, നവംബർ 30 തീയതികളിൽ ) ഞങ്ങൾ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമപരമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യും. പ്രശ്നം സെൻസിറ്റീവ് ആണ്. പക്ഷെ സാധിക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്യും,” ബാഗ്ചി പറഞ്ഞു. അപ്പീലിൽ അടുത്ത വാദം കേൾക്കൽ ഉടൻ ഉണ്ടാകും എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിലെ ജീവനക്കാരായ ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കസ്റ്റഡിയിൽ എടുത്തത്. ഇസ്രായേലിന് വേണ്ടി ചാരപ്പണി ചെയ്തുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.