
ദോഹ: യൂറോപ്യൻ സന്ദർശനം പൂർത്തിയാക്കി മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ ഇറങ്ങിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെ പ്രഖ്യാപിച്ച ഗാസ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനെ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നു. മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽ ശനിയാഴ്ച വൈകുന്നേരം ഇന്ധനം നിറയ്ക്കുന്നതിനായി നിർത്തിയപ്പോഴാണ് ട്രംപിന്‍റെ എയർഫോഴ്സ് വണ്ണിൽ വെച്ച് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
അഞ്ച് ദിവസത്തെ ഏഷ്യൻ പര്യടനത്തിന്‍റെ ഭാഗമായി മലേഷ്യയിലെ പ്രധാന ചർച്ചകൾക്കുള്ള യാത്രാമധ്യേയായിരുന്നു ഈ സന്ദർശനം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ചർച്ചകളിൽ പങ്കാളികളായി. ഗാസ വെടിനിർത്തൽ സമാധാന ഉടമ്പടിയിലെ പ്രധാന പങ്കാളികളായ രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ലോകം വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിച്ചത്.
മിഡിൽ ഈസ്റ്റിലെ സമാധാന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാനും, രണ്ട് സൗഹൃദ രാഷ്ട്രങ്ങളെയും ഒരുമിച്ചുകൊണ്ടുവരുന്ന തന്ത്രപരമായ സഹകരണ സാധ്യതകളെക്കുറിച്ച് സംസാരിക്കാനും ഈ കൂടിക്കാഴ്ച ഒരു മികച്ച അവസരമായിരുന്നുവെന്ന് ഖത്തർ അമീർ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഗസ്സയിൽ വെടിനിർത്തൽ കരാർ ഉറപ്പാക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് ട്രംപ് നന്ദി പറഞ്ഞു.
ട്രംപ് ഖത്തറിൽ ഇറങ്ങുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം ട്രംപ് ആദ്യമായാണ് ഏഷ്യയിലേക്ക് യാത്ര നടത്തുന്നത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിക്ക് ശേഷം ട്രംപ് ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കും. ട്രംപിന്റെ ഏഷ്യൻ പര്യടനത്തിലെ പ്രധാന അജണ്ടയായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.














