
ഗാസ: ലോക മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്നത്. ഹമാസ് ആക്രമണത്തിന് പിന്നാലെ ആരംഭിച്ച ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം പതിനെട്ടാം ദിവസം പിന്നിടുമ്പോള്‍ ഗാസ അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 704 പേരാണ്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 5791 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. പലരെയും പുറത്തെടുക്കാന്‍ തന്നെ കഴിയില്ല. അതിനുള്ള സംവിധാനങ്ങള്‍ ഗാസയില്‍ ഇല്ല. റോഡുകളെല്ലാം തകര്‍ന്നിരിക്കുന്നതിനാല്‍ പലയിടങ്ങളിലും ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ പോലും സാധിക്കുന്നില്ല. ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നുതന്നെ മരിക്കുന്ന ദുരിതക്കാഴ്ചകളാണ് ഗാസയില്‍.
ഇതുവരെ കൊല്ലപ്പെട്ട 5791 പേരില്‍ 2360 കുട്ടികളും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട മക്കളെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന ഉറ്റവരുടെ മുഖങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ കൈകൂപ്പുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഹമാസ് നടത്തിയ ആക്രമണത്തിന് പാലസ്തീന്‍ ജനതയെ ഒന്നാകെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
യുദ്ധത്തിന്റെ ഭാഗമാകുന്ന ഏത് രാജ്യവും രാജ്യാന്തര നിയമങ്ങള്‍ക്ക് അതീതരല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ യു.എന്‍ സെക്യുരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ഗാസയിലേക്ക് കടന്നുള്ള ഇസ്രായേലിന്റെ കരയുദ്ധം തുടരുകയാണ്. ഇരുന്നോളം പേര്‍ ഹസാമിന്റെ ബന്ദികളായി രഹസ്യതാവളത്തിലുണ്ട്. ഇവരില്‍ നാലുപേരെ രണ്ടുഘട്ടമായി വിട്ടയച്ചിരുന്നു. ആദ്യം വിട്ടയച്ചത് രണ്ട് അമേരിക്കന്‍ പൗരന്മാരെയും രണ്ടാമത് രണ്ട് ഇസ്രായേലി പൗരന്മാരെയും. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെയാണ് വിട്ടയക്കുന്നതെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
ഏതായാലും ഹമാസ് ആക്രമണത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത് നിരപരാധികളായ മനുഷ്യരാണ് എന്ന വിലയിരുത്തലാണ് ലോകത്തെ എല്ലാ മനുഷ്യാവകാശ സംഘടനകളും ഒരുപോലെ പറയുന്നത്.
Israel attack on Gaza continues Death toll reaches six thousand














