ഇസ്രയേൽ ഗാസസിറ്റി വളഞ്ഞു, ബന്ദികളായ വനിത സൈനികരെ മോചിപ്പിച്ചെന്ന് ഇസ്രയേൽ

ജറുസലം: ഗാസയിൽ കര- വ്യോമ ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച രാത്രി വടക്കൻ ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ 600 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഹമാസ് ബന്ദികളാക്കി വച്ചിരുന്ന വനിതാ സൈനികരെ മോചിപ്പിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഭൂഗർഭ അറകളിൽ അടക്കം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് അംഗങ്ങളെ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രായേൽ ടാങ്കുകളെ തുരത്തിയതായി ഹമാസ് അവകാശപ്പെട്ടു. ശുദ്ധജലവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ഗാസയിലെ ജനങ്ങൾ വലയുകയാണ്.

ഗാസയിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ കയറി ആക്രമണം നടത്തുകയാണ് ഇസ്രയേൽ സൈന്യം.

വടക്കൻ നഗരമായ ഗാസസിറ്റിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ജനങ്ങളോട് ഇസ്രയേൽ ആവശ്യപ്പെട്ടു. ഗാസയിൽ നിരന്ന സൈനിക വാഹനങ്ങളുടെ ചിത്രങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. ഇസ്രയേലിൻ്റെ ആക്രമണത്തിൽ ഇതുവരെ ഗാസയിൽ 8306 പേർ കൊല്ലപ്പെട്ടു.

ഹമാസ് ബന്ദിയാക്കിയ ജർമൻ യുവതി ഷാനി നിക്കോൾ ലൂക്ക് കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ അതിർത്തിയിൽ നിന്ന് ഇസ്രയേൽ സൈന്യം കണ്ടെടുത്ത ശരീരഭാഗം ഷാനിയുടേതാണെന്ന് ഡിഎൻഎ പരിശോധയിൽ തെളിയുകയായിരുന്നു. 220 പേരാണ് ബന്ദികളായി ഗാസയിലുള്ളത്.

അതേസമയം, വ്യോമാക്രമണം പതിനായിരക്കണക്കിന്‌ ആളുകൾ അഭയം തേടിയിരിക്കുന്ന ആശുപത്രികൾക്ക്‌ വളരെയടുത്തുതന്നെ എത്തിയെന്നും വൻ ദുരന്തമുണ്ടാകുന്നത്‌ ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സംഘടന അഭ്യർഥിച്ചു.

ഗാസ സിറ്റിയിലെ അൽ ഷിഫ, അൽ ഖുദ്സ്, ടർക്കിഷ് ഫ്രണ്ട്ഷിപ് ഹോസ്പിറ്റൽ എന്നിവയുടെ പരിസരങ്ങളിൽ കനത്ത ബോംബാക്രമണമുണ്ടായി. ഏതാണ്ട് ഒന്നരലക്ഷം ആളുകൾ ഇവിടെ അഭയാർഥികളായി ഉണ്ട്.

ഗാസ അതിർത്തിയിൽ കൂടുതൽ ടാങ്കുകളും സൈനികരും തമ്പടിച്ചിട്ടുണ്ട്‌. സെയ്‌തൂൺ ജില്ലയിലേക്ക്‌ നിരവധി ടാങ്കുകൾ കടന്നുകയറി. വടക്കൻ ഗാസയിൽനിന്ന്‌ തെക്കോട്ടേയ്‌ക്കുള്ള പ്രധാന പാത സൈന്യം മറച്ചതായാണ്‌ റിപ്പോർട്ട്‌. ഇതുവഴി ആരെയും പോകാൻ  അനുവദിക്കുന്നില്ല. ഇതോടെ ആക്രമണം രൂക്ഷമായ മേഖലയിൽനിന്ന്‌ രക്ഷപ്പെടാനുള്ള മാർഗവും പ്രദേശവാസികൾക്ക്‌ നഷ്ടമായി. ഇതുവഴി പോകാനെത്തിയ കാർ തടഞ്ഞ്‌ സൈനികർ തിരികെ അയക്കുന്നതും തിരികെ പോയ കാറിനെ ടാങ്ക്‌ ആക്രമണത്തിലൂടെ തകർക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. കാറിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടു.

ഒക്ടോബർ ഏഴിന്‌ നടത്തിയ ആക്രമണത്തിൽ പിടികൂടി ബന്ദികളാക്കിയ ഇസ്രയേൽകാരുടെ വിഡിയോ ഹമാസ്‌ പുറത്തുവിട്ടു. മൂന്ന്‌ ബന്ദികളുടെ ദൃശ്യങ്ങളാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഇസ്രയേൽ സർക്കാർ പരാജയപ്പെട്ടെന്ന്‌ ബന്ദിയായ സ്ത്രീ പറയുന്നതും വിഡിയോയിൽ കാണാം. ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലുകളിലുള്ള പലസ്തീൻകാരെ വിട്ടയക്കണമെന്നാണ്‌ ആവശ്യം.എലീന ത്രുപനോവ്‌, ഡാനിയൽ അലോണി, റാമൺ കിർഷ്‌ത്‌ എന്നിവരാണ്‌ വിഡിയോയിൽ ഉള്ളതെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു

More Stories from this section

family-dental
witywide