ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ! പിന്നെ കുടിക്കാതെ…

പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത്രത്തോളം പ്രാധാന്യമുള്ള എന്തെങ്കിലും കുറവു വന്നാല്‍ നമ്മള്‍ മലയാളികള്‍ പറയും ‘ഉപ്പില്ലാത്ത കഞ്ഞിപോലെ’ എന്ന്. അത്രത്തോളം പ്രാധാന്യമാണ് ഉപ്പിന് നമ്മുടെ നിത്യ ജീവിതത്തില്‍.

ഉപ്പ് ഭക്ഷണത്തിന് രുചി കൂട്ടും എന്ന് മാത്രമല്ല, ചെറിയ അളവിലെ ഉപ്പ് വലിയ ദോഷം ആരോഗ്യത്തിന് ഉണ്ടാക്കാറുമില്ല. എന്നാല്‍ ഉപ്പ് വലിയ അളവില്‍ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ആഹാരക്രമത്തില്‍ ഉപ്പിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ട്രെസ് ഹോര്‍മോണിന്റെ അളവും 75ശതമാനത്തോളം കൂടുമെന്നാണ് ചില പഠനങ്ങളില്‍ കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന ഉപ്പിന്റെ അളവ് ആറ് ഗ്രാം വരെയാണ്. എന്നാല്‍ പൊതുവെ ആളുകള്‍ ഒന്‍പത് ഗ്രാം ഉപ്പ് വരെ ഒരു ദിവസം കഴിക്കുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കും.

അമിതമായി ഉപ്പ് കഴിക്കുന്നത് തലച്ചോറില്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ജീനുകളുടെ പ്രവര്‍ത്തനം കൂടാന്‍ ഇടയാക്കും. ഇതാണ് സമ്മര്‍ദ്ദത്തോട് ശരീരം എങ്ങനെ പ്രതികരിക്കണമെന്ന് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ സമീകൃത അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് പഠനത്തില്‍ പറയുന്നത്.

ഇതിനുപുറമേ ഉപ്പിന്റെ ഉപയോഗം ഉത്കണ്ഠ, ആക്രമണ സ്വഭാവം തുടങ്ങിയ സ്വഭാവത്തിലെ മാറ്റങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.

നിങ്ങള്‍ കൂടുതല്‍ ഉപ്പ് കഴിക്കുമ്പോള്‍ നിങ്ങളുടെ ശരീരം അത് വെള്ളത്തില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ശരീരം നിങ്ങളുടെ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ദ്രാവകനില നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ അമിതമായ ദാഹം, ശരീരവണ്ണം, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിക്കുന്നു. നിങ്ങള്‍ പതിവായി ഉപ്പ് അധികമായി കഴിക്കുകയാണെങ്കില്‍, ഈ പ്രക്രിയ നിങ്ങളുടെ ഹൃദയം, രക്തക്കുഴലുകള്‍, വൃക്കകള്‍ എന്നിവയെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് പറയുന്നതിന്റെ കാരണവും ഇതാണ്!, അപ്പൊ ഉപ്പിനെ ആഹാരത്തില്‍ നിന്ന് അളവില്‍ കൂടാതെ നിയന്ത്രിക്കണേ..

More Stories from this section

family-dental
witywide