
തിരുവനന്തപുരം: എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം തള്ളിക്കളയുന്നുവെന്ന് കേരളത്തിലെ ജനതാദള്‍ എസ്. ഒരു യോഗം പോലും ചേരാതെ, ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്നു ദേശീയ അധ്യക്ഷന്‍ പ്രഖ്യാപിച്ചതെന്നും ഇതു സംഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മാത്യു ടി തോമസ് പ്രതികരിച്ചത്.
ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി കേരളത്തില്‍ നാലു പതിറ്റാണ്ടില്‍ അധികമായി തുര്‍ന്നുവരുന്ന ബന്ധം അതേപടി തുടരുമെന്നും മാത്യു ടി തോമസ് ഉറപ്പിച്ചു പറഞ്ഞു. കേരളത്തിലെ ജനതാദള്‍ എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ലെന്നും ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദള്‍ എസ് സംസ്ഥാന നിര്‍വാഹക സമിതിയോഗം സമ്പൂര്‍ണമായി തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006ലും സമാന സാഹചര്യമുണ്ടായിരുന്നുവെന്നും അപ്പോഴും ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് ജെഡിഎസ് ഇടതുപക്ഷത്തു തന്നെ തുടരുകയായിരുന്നുവെന്നും മാത്യു ടി തോമസ് ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിലെ ഘടകകക്ഷിയായി നിന്നുകൊണ്ടു 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ മത്സരിക്കുകയും അഞ്ചു സീറ്റില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ തങ്ങളുടെ പ്രതിനിധി മന്ത്രിയാവുകയും ചെയ്തിരുന്നുവെന്നും മാത്യു ടി .തോമസ് പറഞ്ഞു.