
കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരുന്ന മോളി ജോയ് (61) ആണ് മരിച്ചത്. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു ഇവര്‍ക്ക്. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മോളിയെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു . ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സ്‌ഫോടനത്തില്‍ മരിച്ച നാലുപേരും സ്ത്രീകളാണ്.
കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും 26 പേരായിരുന്നു പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്നത്.
ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു എന്നായിരുന്നു ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍.
kalamassery blast ; one more woman succumbed to burns