കാണാതായിട്ട് രണ്ടു ദിവസം, തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടു ദിവസം മുമ്പ് കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലിയില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ നിന്നാണ് കെപികെ ജയകുമാറെന്ന നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോണ്‍ഗ്രസ് തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ ഘടകം പ്രസിഡന്റായിരുന്നു. ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് പ്രത്യേക പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

ജയകുമാറിനെ വ്യാഴാഴ്ചയാണ് കാണാതായെന്നും പിറ്റേന്ന് മകന്‍ പരാതി നല്‍കിയെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പും സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ജയകുമാര്‍ കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ആത്മഹത്യാ കുറിപ്പ് ജയകുമാര്‍ തന്നെ എഴുതിയാണ് എന്ന് സ്ഥിരീകരിച്ചാല്‍, അത് പലരുടേയും ഉറക്കം കെടുത്തും. കുറിപ്പിലുള്ളത് ഏതാനും ഉന്നതരുടെ പേരുകളാണെന്നാണ് വിവരം. അവര്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും കറിപ്പില്‍ ആരോപിക്കുന്നു.

ഇദ്ദേഹത്തിന്റെ ദുരൂഹ മരണത്തില്‍ ഭരണ കക്ഷിയായ ഡിഎംകെ സര്‍ക്കാരിനെതിരെ എഐഎഡിഎംകെ ആഞ്ഞടിച്ചു. സംഭവം സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എഐഎഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു.