
കങ്കണ റണാവത്ത് നായികയായെത്തിയ ചിത്രം തേജസ് 2023ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ദുരന്തമായെന്ന് വിതരണക്കാര്‍. ഒക്ടോബര്‍ 27നാണ് ചിത്രം റിലീസ് ചെയ്തത്. ഞായറാഴ്ച പോലും ചിത്രം കാണാന്‍ ആളില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. ഓരോ ഷോയ്ക്കും വരുന്നത് പത്തോ, പന്ത്രണ്ടോ ആളുകളാണ്. തിങ്കളാഴ്ച മുതല്‍ അമ്പത് ശതമാനത്തിലധികം ഷോകള്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്നും വിതരണക്കാര്‍ അറിയിച്ചു.
ഒരാള്‍ പോലും കാണാന്‍ വരാതിരുന്നതിനെത്തുടര്‍ന്ന് തേജസിന്റെ 15 ഷോകളാണ് ക്യാന്‍സലായത് എന്ന് സൂറത്തിലെ മള്‍ട്ടിപ്ലസ് ഉടമയായ ടി വഗാസിയ പറഞ്ഞു. അറുപത് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത് 4.25 കോടി രൂപ മാത്രമാണ്. റിലീസ് ചെയ്തതിന്റെ നാലാം ദിവസം ലഭിച്ച വരുമാനം 50 ലക്ഷം രൂപയാണ്. തേജസില്‍ എയര്‍ഫോഴ്‌സ് പൈലറ്റായാണ് കങ്കണ അഭിനയിച്ചിരിക്കുന്നത്. സര്‍വേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവംു നിര്‍വഹിച്ചിരിക്കുന്നത്.
പ്രതീക്ഷിച്ചതു പോലെ ആളുകള്‍ തിയേറ്ററുകളിലേക്കെത്താതായതോടെ പ്രേക്ഷകരെ ക്ഷമിച്ചുകൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു. ‘കോവിഡിനു മുമ്പ് തന്നെ തിയറ്ററുകള്‍ക്ക് തിരിച്ചടി തുടങ്ങിയിരുന്നു. കോവിഡിനു ശേഷം അത് കൂടിയിട്ടേയുള്ളൂ. സൗജന്യമായി ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതല്‍ നിരവധി ഓഫറുകള്‍ നല്‍കിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങള്‍ വരാതിരിക്കുകയാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യര്‍ഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവുകയില്ല എന്നായിരുന്നു കങ്കണ പറഞ്ഞത്.
നേരത്തേ കങ്കണ പ്രധാന വേഷത്തില്‍ എത്തിയ ചന്ദ്രമുഖി 2വും 2022 ല്‍ നായികയായി എത്തിയ ധക്കഡ് എന്ന ചിത്രവും ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു. സിനിമ കാണാന്‍ ആളുകള്‍ വരാത്തതിനെത്തുടര്‍ന്ന് പലയിടത്തും ഷോകള്‍ നിര്‍ത്തി വെച്ചു. ചിത്രം കാണാന്‍ ആളുകള്‍ എത്താത്തതിന്റെ കാരണം വ്യക്തമല്ലെന്ന് ബിഹാര്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. എമര്‍ജന്‍സിയാണ് കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്.












