
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്ത് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ആപ്പിള്‍ സിഇഒയോട് നിര്‍ദേശിച്ചതിനെ വിമര്‍ശിച്ച് പങ്കുവെച്ച പോസ്റ്റാണ് കങ്കണ ഡിലീറ്റ് ചെയ്തത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ പോസ്റ്റ് നീക്കംചെയ്തതെന്ന് കങ്കണ പിന്നീട് വിശദീകരണം നല്‍കി. ബഹുമാന്യ ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ തന്നെ വിളിക്കുകയും ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് കങ്കണ എക്‌സില്‍ കുറിച്ചു.
തന്റെ വ്യക്തിപരമായ അഭിപ്രായം പോസ്റ്റ് ചെയ്തതില്‍ ഖേദിക്കുന്നതായും നിര്‍ദേശമനുസരിച്ച് പോസ്റ്റ് പെട്ടെന്നുതന്നെ നീക്കംചെയ്തതായും കങ്കണ പറഞ്ഞു. ഇന്ത്യയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കേണ്ടതില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ടിം കുക്കിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കങ്കണ വിഷയത്തില്‍ പ്രതികരിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യംചെയ്തായിരുന്നു കങ്കണയുടെ പോസ്റ്റ്. ”ഈ പ്രണയനഷ്ടത്തിന് കാരണം എന്തായിരിക്കും? 1. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റാണ്, പക്ഷേ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. 2. ട്രംപ് അധികാരത്തിലേറുന്നത് രണ്ടാംതവണയാണ്, പക്ഷേ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടേത് മൂന്നാമത്തേതും. 3. സംശയമില്ല, ട്രംപ് ഒരു ആല്‍ഫ മെയില്‍ ആണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി “സബ് ആല്‍ഫ മെയില്‍ കാ ബാപ്'(എല്ലാ ആൽഫാ മെയിലുകളുടേയും അപ്പനാണ്). ഇതിനൊപ്പം നിങ്ങള്‍ എന്താണ് കരുതുന്നതെന്നും ഇത് വ്യക്തിപരമായ അസൂയയാണോ, അതോ നയതന്ത്ര അരക്ഷിതാവസ്ഥയാണോയെന്നും കങ്കണ പോസ്റ്റില്‍ ചോദിച്ചിരുന്നു.