കണ്ണൂർ സ്വദേശി കാനഡയിൽ ബോട്ടിൽ നിന്ന് വീണു മരിച്ചു; അപകടം കുടുംബവുമൊത്ത് നടത്തിയ സവാരിക്കിടയിൽ

തളിപ്പറമ്പ്: കണ്ണൂർ പുഷ്പഗിരി സ്വദേശി കാനഡയിൽ ബോട്ടിൽ നിന്നു വീണു മരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോർജ് വടകരയുടെ മകൻ അതുൽ ജോർജാണ് (30) മരിച്ചത്.

കാനഡയിലെ കിച്ചനർ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയിൽ അതുൽ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

കോടഞ്ചേരി കുമ്മായത്തൊട്ടിയിൽ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയിൽ ജോലി ചെയ്യുകയായിരുന്നു. ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയിൽ ഒപ്പമുണ്ടായിരുന്നു. അതുലിന്റെ മാതാവ്: ശോഭ കുടിയാൻമല മഞ്ചപ്പിള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അലിൻ മരിയ (ലെനോവ), അഖിൽ (യുകെ). മൃതദേഹം ഒരാഴ്ചക്കുള്ളിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide