
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനഃനിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിധി പറയുക. എല്ലാവരുടെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയിരിക്കുന്നത്. രാവിലെ 10:30 ഓടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.
60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനഃനിയമിക്കാനാകുമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ വാദത്തിനിടെ സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തത്. പുനഃനിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണ്ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയും കോടതിയെ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വി സിയുടെ ആദ്യനിയമനം തന്നെ യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുനഃനിയമനവും നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന വിഷയം.










