
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനഃനിയമനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍ നിയമിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പുനര്‍നിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
ഗവര്‍ണര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയതെന്നും അത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിനേയും ഗവര്‍ണറേയും സുപ്രീംകോടതി ഒരുപോലെ വിമര്‍ശിച്ചു. നാലു വിഷയങ്ങളാണ് കേസില്‍ പരിഗണിച്ചതെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു.
60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനഃനിയമിക്കാനാകുമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ വാദത്തിനിടെ സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തത്. പുനഃനിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണ്ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയും കോടതിയെ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വി സിയുടെ ആദ്യനിയമനം തന്നെ യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുനഃനിയമനവും നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന വിഷയം.










