
തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. കടന്നപ്പള്ളി രാമചന്ദ്രനു രജിസ്‌ട്രേഷൻ, പുരാരേഖ, മ്യൂസിയം, പുരാവസ്തുവകുപ്പുകളും കെ ബി ഗണേഷ്കുമാറിനും ഗതാഗതവകുപ്പ് ചുമതലയും നൽകി. തുറമുഖം വകുപ്പ് മന്ത്രിയായി വി എൻ വാസവൻ ചുമലയേൽക്കും.
മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. കടന്നപ്പള്ളി രാമചന്ദ്രന് തൈക്കാട് ഹൗസോ നിളയോ ഔദ്യോഗിക വസതിയായി നൽകും. നിളയിൽ താമസിച്ചിരുന്ന വീണാ ജോർജ് വാടക വീട്ടിലേക്ക് മാറിയിരുന്നു. ഗണേഷ് കുമാർ ഔദ്യോഗിക വസതി ആവശ്യപ്പെട്ടിട്ടില്ല. കടന്നപ്പള്ളിക്ക് ആറാം നമ്പർ സ്റ്റേറ്റ് കാർ നൽകി. ഗണേഷ് കുമാറിന് ഏഴാം നമ്പർ കാറാണ് നൽകിയത്.