കേരളവർമയിലെ തിരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ കോടതി, വിധി വരും വരെ എസ്എഫ്ഐക്ക് ചെയർമാനായി തുടരാം

കൊച്ചി: തൃശൂർ കേരള വർമ കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൻ്റെ വിജയം അട്ടിമറിയിലൂടെ തടഞ്ഞെന്ന് ആരോപിച്ച് കെഎസ് യുവിൻ്റെ എസ്. ശ്രീക്കുട്ടൻ നൽകിയ പരാതിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവില്ല. തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുണ്ടായോയെന്ന് കോടതി ചോദിച്ചു. രേഖകൾ ഹാജരാക്കാൻ റിട്ടേണിങ് ഓഫിസറോട് കോടതി നിർദേശിച്ചു. ചെയർമാൻ ചുമതലേയൽക്കുന്നത് തടയണമെന്ന് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു. എന്നാൽ ചെയർമാൻ സ്ഥാനമേറ്റാലും അത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് ടി. ആർ. രവിയുടെ ഇടപടൽ. ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകളുണ്ടോയെന്നും കോടതി ചോദിച്ചു. വാക്കാൽ പ്രഖ്യാപിച്ചിരുന്നുവെന്ന് ശ്രീകുട്ടന് വേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ കോടതിയെ അറിയിച്ചു.

താൻ ഒരു വോട്ടിന് വിജയിച്ചു എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർ സ്ഥാനാർഥി എസ് എഫ് ഐ യുടെ കെ എസ് അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നുമാരോപിച്ചാണ് ഹർജി. ബാലറ്റടക്കം കേടുവരുത്തിയ സാഹചര്യത്തിൽ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. വിഷയത്തില്‍ കോളേജ് മാനേജർ, പ്രിൻസിപ്പല്‍ എന്നിവരെ കക്ഷി ചേർക്കണമെന്ന് വ്യക്തമാക്കിയ കോടതി എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ചു. ഹര്‍ജി കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Kerala Varma college election row; HC demands evidences

More Stories from this section

family-dental
witywide