പൊറോട്ടയ്ക്ക് ചാറ് കൊടുത്തില്ല; കോട്ടയത്ത് ഹോട്ടൽ ജീവനക്കാരന്റെ തലയ്ക്കടിച്ചു

ചങ്ങനാശേരി/ കോട്ടയം: പൊറോട്ടയ്ക്ക് ഇറച്ചിക്കറിയുടെ ചാറ് നൽകിയില്ലെന്നാരോപിച്ച് ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ചു. അസം സ്വദേശി മുഹമ്മദ് മുസ്തഫയ്ക്ക് (22) നേരെയാണ് ഞായറാഴ്ച മൂവർ സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായി.

രാമനാഥപുരം സ്വദേശികളായ ശിവകുമാർ (27), മുത്തുരാജ് (29), ഉമയാർ തങ്കം (28) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ വസ്ത്രശാലയിലെ ജീവനക്കാരാണ് പ്രതികള്‍.

ഞായറാഴ്ച രാത്രി 9.15 ഓടെ ചങ്ങനാശ്ശേരി ടി.ബി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡ് ഹോട്ടലിലാണ് അക്രമം നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് പൊറോട്ടയ്ക്ക് ഒപ്പം രണ്ടുതവണ ചാർ നല്‍കിയിരുന്നു. മൂന്നാം തവണയും ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ വെെകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് ഹോട്ടലുടമ പറയുന്നു. ഹോട്ടലില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെട്ട പ്രതികള്‍, തവികൊണ്ട് സപ്ലൈയറുടെ തലയ്ക്കടിക്കുകയായിരുന്നു.

പരിക്കേറ്റ മുഹമ്മദ് മുസ്തഫയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് അഞ്ച് തുന്നലുകളുണ്ട്. ഹോട്ടലിലുണ്ടായിരുന്ന മറ്റുള്ളവർ തടഞ്ഞുവച്ച പ്രതികളെ ചങ്ങനാശ്ശേരി പൊലീസെത്തി കസ്റ്റഡിയിലെടുത്തു.