
കാസര്‍ക്കോട്: നവ കേരള സദസിനായി കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന വിവരത്തില്‍ അന്വേഷണം നടത്തുമെന്ന് കാസര്‍ഗോഡ് കലക്ടര്‍. നവകേരള സദസ്സിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തരുതെന്നു നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഇക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
കാസര്‍ക്കോട് ദേലംപാടി പഞ്ചായത്തിലാണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന വിവരമെത്തിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ നിര്‍ബന്ധമായും 500 രൂപ നല്‍കണമെന്ന് സിഡിഎസ് അധ്യക്ഷ ആവശ്യപ്പെടുകയായിരുന്നു. പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അറിയിച്ചിരുന്നു.
ഇതിനായി ഏര്‍പ്പാടാക്കിയ ബസിന്റെ ചെലവിലേക്കാണ് ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടവും 500 രൂപ നല്‍കണമെന്നു നിര്‍ദ്ദേശിച്ചത്. സിഡിഎസ് അധ്യക്ഷ സുമ വാട്‌സ്ആപ്പിലൂടെയാണ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വായ്പ നല്‍കിയ വകയില്‍ ലഭിച്ച പലിശയില്‍ നിന്നു ഈ തുക എടുക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നു കലക്ടര്‍ പറഞ്ഞു.