
കോഴിക്കോട്: ഈ മാസം 11ന് കോഴിക്കോട് നടക്കുന്ന സിപിഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കുന്നില്ല എന്ന് ലീഗ് അറിയിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. എന്നാൽ സിപിഎമ്മിൻ്റെ ക്ഷണത്തിന് നന്ദി അറിയിക്കാൻ ലീഗ് മറന്നില്ല എന്നത് ശ്രദ്ധേയം. ലീഗിൻ്റെ ഈ മൃദു സമീപനം കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. മുന്നണിയിലുള്ള ലീഗിനെ പിണക്കാൻ തയാറല്ലാത്തതിനാൽ ലീഗിനോട് അവർ ഒന്നു പറഞ്ഞില്ല. എന്നാൽ ലീഗിനെ ക്ഷണിച്ച സിപിഎം തന്ത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.സി. വേണുഗോപാൽ എംപിയും രംഗത്തു വന്നു. സിപിഎം ആകട്ടെ ലീഗിൻ്റേത് രാഷ്ട്രീയ നിലപാട് അല്ലെന്നും കോൺഗ്രസ് വിരട്ടിയതുകൊണ്ടാണ് ലീഗ് ക്ഷണം നിരസിച്ചതെന്നും പറഞ്ഞ് കോൺഗ്രസിനു നേരെ വിവാദം തിരിച്ചു വിടുകയും ചെയ്തു.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗ് പങ്കെടുക്കാതിരുന്നതിനു പിന്നിലെ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്കാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വിശാലമായ പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സിപിഎമ്മിന്‌റെ തീരുമാനം. സിപിഎമ്മിൻ്റേത് അവസരവാദ നിലപാടല്ല. അന്നും ഇന്നും നാളെയും ഇത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിന്റെ കാര്യത്തിൽ എടുത്തതും അതുപോലൊരു നിലപാടാണ്.
നിലവിലുള്ള ആഗോള സ്ഥിതി മനസിലാക്കിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ സിപിഎം പരിപാടി സംഘടിപ്പിച്ചാൽ ഞങ്ങൾ പങ്കെടുക്കുന്നത് ആലോചിക്കുമെന്ന് പറഞ്ഞത്.
പലസ്തീൻ ഐക്യദാർഢ്യവുമായി കോൺഗ്രസ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നത് വ്യക്തമാണ്. മലപ്പുറം ജില്ലയിൽ ആര്യാടൻ ഷൗക്കത്ത് നേതൃത്വം നൽകിയ പലസ്തീൻ അനുകൂല റാലിയിൽ കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകുന്ന സാഹചര്യമുണ്ടായി. ആര്യാടൻ ഷൗക്കത്തിന്റെ പോലെ ചിന്തിക്കുന്ന കോൺഗ്രസുകാരെയും ഞങ്ങൾ ക്ഷണിക്കുമെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
എന്നാൽ സർക്കാരിനും പാർട്ടിക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ലീഗിനെ പിന്നാലെ സിപിഎം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ലീഗിനെ കുറിച്ച് സിപിഎമ്മിന് അറിയാത്തതുകൊണ്ടാണ്. സിപിഎമ്മിനേക്കാൾ മികച്ച കേഡർ പാർട്ടിയാണ് ലീഗ്. ഇവരെന്തിനാണ് ഇങ്ങനെ ലീഗിൻ്റെ പിന്നാലെ നടക്കുന്നത്. സതീശൻ ചോദിച്ചു. സിപിഎമ്മിനെപ്പോലെ ഇത്ര ജീർണിച്ച ഒരു പാർട്ടി വേറെ എവിടെയും ഉണ്ടാകില്ല എന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
league not to participate in CPM rally, coma and congress criticize each other