ട്രംപിന്റെ പ്രസംഗത്തിൽ ഒട്ടും ആശ്വാസമില്ല, അതീവ ഗുരുതരമായ സാഹര്യത്തിൽ എണ്ണ വിപണി; ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിലേക്ക്

വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചോ കൃത്യമായ സൂചനകൾ നൽകാതെയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ, ഇറാനുമായുള്ള സംഘർഷം ഇനിയും രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടുനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇത് യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന വിപണിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. യുദ്ധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിൽ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് തുറക്കാൻ മിഡിൽ ഈസ്റ്റിലെ എണ്ണയെ ആശ്രയിക്കുന്ന സഖ്യകക്ഷികൾ ധൈര്യം കാട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. പ്രദേശത്തെ ഇറാന്റെ സൈനിക ശേഷി അമേരിക്ക തകർത്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും, ഈ പാതയിലൂടെയുള്ള എണ്ണനീക്കം ഇപ്പോഴും തടസ്സപ്പെട്ട നിലയിലാണ്. യുദ്ധം അവസാനിക്കുമ്പോൾ കടലിടുക്ക് സ്വാഭാവികമായി തുറക്കുമെന്നും എണ്ണവില ഉടൻ കുറയുമെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ പ്രസിഡന്റിന്റെ ഈ പ്രസ്താവനകളിൽ വിശ്വാസമർപ്പിക്കാൻ വിപണി തയ്യാറായില്ല.

ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില എട്ട് ശതമാനത്തോളം വർധിച്ച് ബാരലിന് 110 ഡോളറിന് അടുത്തെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ വിലവർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധം നീണ്ടുപോകുമെന്ന ഭീതി നിക്ഷേപകർക്കിടയിൽ ശക്തമായതോടെ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.