നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെന്‍ഡിങ്ങിൽ ‘മാമന്നന്‍’; 9 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റില്‍

വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നൻ’ നെറ്റ്ഫ്ളിക്സിന്റെ ആഗോള ട്രെൻഡിങ്ങിൽ ഇടംപിടിച്ചു. ഒൻപത് രാജ്യങ്ങളിൽ ടോപ്പ് 10 ലിസ്റ്റിലാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്.

ജൂൺ 29ന് തിയറ്ററുകളിൽ എത്തിയ ചിത്രം ജൂലൈ 27നാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. തുടക്കത്തിൽ തന്നെ ചിത്രം ഇന്ത്യൻ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.

ഒരാഴ്ച കൊണ്ട് 12 ലക്ഷം വ്യൂസ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യ കൂടാതെ ബഹ്റിന്‍, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലും ചിത്രം ടോപ്പ് 10 ലിസ്റ്റില്‍ ഉണ്ട്. ഇതില്‍ ഇന്ത്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുമാണ് ചിത്രം.

പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റെഡ് ജയന്റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന്‍ ആണ്.

വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെ ഫഹദ് ഫാസില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിന്‍റെ കഥാപാത്രത്തെ വലിയ തോതില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.