
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശിൽ, സംസ്ഥാനത്തെ വനം വകുപ്പ് ഒഴികെയുള്ള സർക്കാർ വകുപ്പുകളിലെ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ.
സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകുന്നതിനായി 1997 ലെ മധ്യപ്രദേശ് സിവിൽ സർവീസസ് (സ്ത്രീകളെ നിയമിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ) ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തി.
പൊലീസ് വകുപ്പ്, മറ്റ് സർക്കാർ ജോലികൾ എന്നിവയിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകുമെന്നും അധ്യാപക തസ്തികകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണാധികാരി ഉൾപ്പെടെ മറ്റ് സ്ഥാനങ്ങളിലും സ്ത്രീകൾക്ക് മുൻഗണന നൽകും. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് സർക്കാർ വഹിക്കും.
അടുത്തിടെയാണ്, പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബിൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അനുമതിയോടെ നിയമമായത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ‘നാരി ശക്തി വന്ദൻ അധീനിയം’ രാജ്യസഭ ഏകകണ്ഠമായി പാസാക്കി, പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാക്കുന്ന ആദ്യ ബില്ലുകൂടിയാണിത്.