ജോധ്പൂർ: പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ജി20യിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇന്ത്യയിലെത്തിയപ്പോൾ ആകാശത്ത് വിസ്മയമൊരുക്കിയിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. രാജസ്ഥാനിൽ ജി20 പതാകയുമായി സ്‌കൈ ഡൈവിംഗ് നടത്തുന്ന വ്യോമസേന ഉദ്യോഗസ്ഥനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിംഗ് കമാൻഡർ ഗജാനന്ദ് യാദവയാണ് ജി20 പതാക 10,000 അടി ഉയരത്തിൽ പറത്തിയത്. ജി20 അദ്ധ്യക്ഷപദവിയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നെഴുതിയ പതാകയാണ് ജി20 ആഘോഷമാക്കാനായി ഉയർത്തിയത്. ജോധ്പൂരിലെ ഫലോഡിയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിലാണ് വ്യോമസേന ഉദ്യോഗസ്ഥൻ സ്‌കൈ ഡൈവ് നടത്തിയത്.
സെപ്റ്റംബർ 9,10 തീയതികളിലായാണ് രാജ്യതലസ്ഥാനത്ത് ജി20 ഉച്ചകോടി നടക്കുന്നത്. പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ദക്ഷിണേഷ്യയിലെ വലിയ ജി20 ഉച്ചകോടി നടക്കുക. 20 അംഗരാജ്യങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെ 40-ത്തിലധികം രാജ്യങ്ങളുടെ പ്രതിനിധികളും സംഘടനകളുമാണ് ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.