കുരുക്ക് മുറുകുന്നു; വാർത്തക്കായി വ്യാജരേഖ ചമച്ച കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

തിരുവനന്തപുരം: വാർത്തക്കായി വ്യാജരേഖ ചമച്ച കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. കൊച്ചി തൃക്കാക്കര പൊലീസാണ് ഷാജൻ സ്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.

തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ​​ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമർശിച്ചത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്.

അതേസമയം, ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോൺ പിടിച്ചെടുത്ത നടപടിയിൽ റിപ്പോർട്ട്‌ നൽകാനും നിർദ്ദേശം നൽകിയിരുന്നു. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

More Stories from this section

family-dental
witywide