കൊച്ചി: സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍, മോഹന് എതിരെ അപകീര്‍ത്തി കേസുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കുഴല്‍നാടന്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
അതിനു മറുപടി എന്നവണ്ണം സി.എന്‍. മോഹനന്‍ പത്രസമ്മേളനം വിളിച്ച് മാത്യു കുഴല്‍നാടനെതിരെ കള്ളപ്പണം , നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ മാത്യു കൂടി പങ്കാളിയായ നിയമസഹായ സ്ഥാപനം കള്ളപ്പണ ഇടപാട് നടത്തിയെന്നും ആരോപിച്ചിരുന്നു.
മാത്യുവിന്റെ കൂടി പങ്കാളിത്തമുള്ള നിയമസ്ഥാപനമായ കെഎംഎന്‍പി ലോ ആണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. നോട്ടിസ് ലഭിച്ച് 7 ദിവസത്തിനുള്ളില്‍ പരസ്യമായി ക്ഷമാപണം നടത്തണം അല്ലെങ്കില്‍ 2.50 കോടി നഷ്ടപരിഹാരം നല്‍കണം. ഇതിനു തയാറായില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ മുഖേന നല്‍കിയ നോട്ടിസില്‍ പറയുന്നു.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാത്യുവിനോട് ചോദിച്ച 7 ചോദ്യങ്ങള്‍ക്ക് മാത്യു മറുപടി നല്‍കി. എം.വി. ഗോവിന്ദന്‍ ഇരിക്കുന്ന എകെജി സെന്റര്‍ ആയിരിക്കും ഭൂനിയമം തെറ്റിച്ചുള്ള ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന് എന്ന് മാത്യു ആരോപിച്ചു.” അതിന്റെ പട്ടയമെടുത്ത് ഒന്നു പരിശോധിക്കണം. സിപിഎം എറണാകുളം, ഇടുക്കി ജില്ലാ സെക്രട്ടറിമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല എന്ന് എം. വി ഗോവിന്ദന് പറയാന്‍ കഴിയുമോ? ഇവരുടെ സ്വത്ത് വിവരം അന്വേഷിക്കാന്‍ തയാറാകുമോ? ഇവര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഇല്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യൂ..” മാത്യു പറഞ്ഞു.