നീണ്ട തലയും, മൂന്ന് വിരലുകളുള്ള കൈകളും, മെക്സിക്കന്‍ കോണ്‍ഗ്രസില്‍ ഏലിയനുകൾ!

മെക്സിക്കോ സിറ്റി: കഴിഞ്ഞ ദിവസം മെക്സിക്കോയിൽ അന്യഗ്രഹ ജീവികളുടേത് എന്ന് അവകാശപ്പെടുന്ന ചില മൃതശരീരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ആ ദൃശ്യങ്ങളിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൈകാലുകളിൽ 3 വിരലുകളുള്ള, സിനിമകളെ അനുസ്മരിപ്പിക്കുന്ന വിചിത്ര രൂപങ്ങളുള്ള ഇവയുടെ രഹസ്യമാണ് ഇപ്പോൾ വെളിപ്പെടുന്നത്.

പെറുവിൽ നിന്ന് വീണ്ടെടുക്കപ്പെട്ട ആയിരത്തിലധികം വർഷം പഴക്കമുള്ള ഏലിയൻ മൃതശരീരങ്ങള്‍ എന്ന നിലയിലാണ് മെക്സിക്കന്‍ കോണ്‍ഗ്രസില്‍ രണ്ട് പെട്ടികളില്‍ അന്യഗ്രഹ ജീവികളുടെ ശരീരം അവതരിപ്പിച്ചത്. മെക്സിക്കൻ മാധ്യമപ്രവർത്തകനായ ഹോസെ ജെയിമി മൗസാനാണ് പാര്‍ലമെന്റില്‍ അന്യഗ്രഹ ജീവിയുടെ ശരീരം അവതരിപ്പിച്ചത്. നമ്മള്‍ തനിച്ചല്ല എന്ന സാക്ഷ്യത്തോടെയായിരുന്നു അവതരണം. ചൊവ്വാഴ്ചയാണ് രണ്ട് കൈകളിലും മൂന്ന് വിരലുകളും നീളമുള്ള തലയോടും കൂടിയ അന്യഗ്രഹ ജീവികളുടെ ശരീരം മെക്സിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. പെറുവിലെ നസാക്കാ ലൈനിന് സമീപത്ത് നിന്ന് 2017ല്‍ കണ്ടെത്തിയതെന്ന അവകാശവാദത്തോടെയായിരുന്നു അവതരണം. മെക്സിക്കോയുടെ നാഷണല്‍ ഓട്ടോണോമസ് സര്‍വ്വകലാശാല നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ ആയിരം വര്‍ഷം പഴക്കമാണ് ഇതിന് കണ്ടെത്തിയതെന്നും മാധ്യമ പ്രവര്‍ത്തകന്‍ അവകാശപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള തെളിവ് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നും അവകാശവാദം മാധ്യമ പ്രവര്‍ത്തകന്‍ ഉയര്‍ത്തിയിരുന്നു. പ്രദര്‍ശിപ്പിക്കപ്പെട്ട അവശിഷ്ടങ്ങളില്‍ എക്സ് റേ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തിയതായി സയന്‍റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഓഫ് ദി മെക്സികന്‍ നേവി ഡയറക്ടര്‍ ജോസേ ദേ ജീസസ് സ്കേല്‍ ബെനിറ്റേസ് വിശദമാക്കുകയും ചെയ്തിരുന്നു. മനുഷ്യരോട് ഇവയ്ക്ക് സമാനതകള്‍ ഇല്ലെന്നായിരുന്നു ജോസേ ദേ ജീസസ് സ്കേല്‍ ബെനിറ്റേസ് പ്രതികരിച്ചത്.

എന്നാല്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും എല്ലുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയതാണ് ഇപ്പോൾ കാണിച്ച ഏലിയൻ രൂപമെന്നാണ് വിദഗ്ധരുടെ അനുമാനം. നാസ അടക്കമുള്ള സംവിധാനങ്ങള്‍ ഇവയില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഒരുങ്ങുകയാണ്. കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾ നടക്കുമ്പോള്‍ അവകാശവാദത്തിലെ നെല്ലും പതിരും അറിയാമെന്നാണ് കണക്കുകൂട്ടല്‍. പല സയൻസ് ഫിക്ഷൻ സിനിമകളിലും, ചിത്രകഥകളിലും കണ്ട് പരിചയിച്ച അതേ രൂപമാണ് ഏലിയൻ എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട രൂപങ്ങൾക്കുള്ളത്. ആ സാദൃശ്യത്തിൽ തുടങ്ങുന്നുണ്ട് അവകാശവാദങ്ങൾ പൊള്ളയും കള്ളവുമാണെന്നതിലേക്കുള്ള സൂചനകൾ. മുമ്പും ഇത്തരം അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ജെയിമി മൗസാൻ. 2017ൽ പെറുവിൽ ഇങ്ങനെയൊരു അവകാശവാദം നടത്തുകയും ചില ശരീരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. അന്ന് കാണിച്ചത് കൃത്രിമമായി നിർമ്മിച്ച പാവകളെയായിരുന്നുവെന്ന് തിരിച്ചറിയുകയും മൗസാൻ നാണംകെടുകയും ചെയ്തതാണ്. അതിന് ശേഷമാണ് വീണ്ടും സമാന അവകാശവാദവുമായുള്ള രംഗപ്രവേശം.

More Stories from this section

family-dental
witywide