കയ്യേറ്റം വീണ്ടും വിഷയമാകുന്നു; തൊടുപുഴയിലുള്ള ശിവരാമന് ഇടുക്കിയിലെ ആളുകളുടെ സൂക്കേട് അറിയില്ലെന്ന് എംഎം മണി

തൊടുപുഴ: സിപിഎം നേതാവ് എംഎം മണിയും സിപിഐ നേതാവ് കെകെ ശിവരാമനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിലാണ് നേരത്തെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. അതിന്റെ തുടര്‍ച്ചയെന്നോണം വീണ്ടും അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് എംഎം മണി. ശിവരാമന് ഇടുക്കിയിലെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യാതൊരു യോഗ്യതയുമില്ലെന്നാണ് എംഎം മണി പറഞ്ഞത്.

തൊടുപുഴയിലുള്ള ശിവരാമന് ഇടുക്കിയിലെ ആളുകളുടെ സൂക്കേട് അറിയില്ലെന്നും കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ലെന്നും എംഎം മണി പറഞ്ഞു. എല്‍ഡിഎഫിന്റെ നേതാവാണ് അങ്ങേര്. ചുമ്മാ അങ്ങേരുമായി നമ്മള്‍ക്ക് ഒരു ഉടക്കുമില്ല. പുള്ളി ഇങ്ങനെ ഇടയ്ക്കിടെയ്ക്ക് എന്റെ പേര് പറയുകയാണ്. ശിവരാമന്‍ തൊടുപുഴയിലാണ്. അയാള്‍ക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല. ഇവിടെ താമസിക്കുന്ന ആളുകളുടെ കൂടെയാ എംഎം മണി. ഞങ്ങള് മലയിലാ. കാലങ്ങളായി ഇവിടെ ജീവിതം മുഴുവന്‍ തുലച്ചു. അവിടെ തൊടുപുഴ താലൂക്കില്‍ ഇരുന്നുകൊണ്ട് ഇവിടുത്തെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല’ എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍.

ഇവിടെ കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന്‍ വന്ന് കാട്ടിത്തരട്ടെയെന്ന് നേരത്തെ എംഎം മണി നടത്തിയ പ്രതികരണത്തിന് താന്‍ വന്നുകാട്ടിത്തരാന്‍ തയ്യാറാണെന്ന് ശിവരാമന്‍ കഴിഞ്ഞദിവസം മറുപടി നല്‍കിയിരുന്നു. ഇതേക്കുറിച്ച് വീണ്ടും പ്രതികരിക്കുകയായിരുന്നു എംഎം മണി. അതേസമയം തന്റെ ഉദ്ദേശം എംഎം മണിയെ പരിഹസിക്കുകയെന്നതല്ലെന്നും എല്‍ഡിഎഫിന്റെ നയം കയ്യേറ്റം ഒഴിപ്പിക്കുക എന്നുള്ളതാണെന്നും ശിവരാമന്‍ വിശദീകരിച്ചിരുന്നു. കയ്യേറ്റം കാണിച്ചുകൊടുക്കാന്‍ മണിയാശാന്‍ ആവശ്യപ്പെട്ടിരുന്നു. കാണിച്ചുകൊടുക്കാമെന്നു താന്‍ പറഞ്ഞു. അതോടെ ആ തര്‍ക്കം തീര്‍ന്നെന്നും ശിവരാമന്‍ പറഞ്ഞു.

More Stories from this section

family-dental
witywide