‘മോൾ വിഡിയോ കോളിൽ വിളിച്ച് ‘പോകുന്നു’വെന്ന് പറഞ്ഞു; നോക്കാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല’; നടി അപർണയുടെ മരണത്തിന് ഉത്തരവാദി ഭർത്താവെന്ന് അമ്മ

തിരുവനന്തപുരം: സിനിമ-സീരിയൽ താരം അപർണ നായരുടെ ആത്മഹത്യക്കു കാരണം ഭർത്താവെന്നാരോപിച്ച് നടിയുടെ അമ്മ. ഭർത്താവ് സഞ്ജിത്ത്‌ മാനസികമായി പീഡിപ്പിച്ചിരുന്നതായി മകൾ പറഞ്ഞിരുന്നെന്നാണ് അപർണയുടെ അമ്മയുടെ വെളിപ്പെടുത്തൽ. മരിക്കുന്നതിന് തൊട്ടുമുൻപ് അമ്മയെ വിഡിയോകോൾ വിളിച്ച് താൻ പോവുകയാണെന്ന് അപർണ പറഞ്ഞിരുന്നു. സഞ്ജിത്തിനെ ഇക്കാര്യം അറിയിച്ചപ്പോൾ ‘അവൾ പോയി ചാകട്ടെ’ എന്ന് പറഞ്ഞ് അവഗണിച്ചതായാണ് ആരോപണം. ഇളയ മകളുമായി പുറത്തിരിക്കുകയായിരുന്ന അപർണയുടെ ഭർത്താവ് ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് മുറിയിൽ കയറിയത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുനെന്നും അമ്മ ബീന പറഞ്ഞു.

“മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും തന്നെ അറിയാം. മരിച്ച അന്നു പോലും രാവിലെ ഇവിടെ വന്നിട്ട് സന്തോഷമായിട്ടു തിരിച്ചു പോയതാണ്. വൈകുന്നേരം ആയപ്പോഴേക്കും എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും.

അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. കാരണം, അവൻ കാരണം അവൾക്ക് ഒരുപാടു ദുഃഖവും വിഷമവും ഉണ്ടായിട്ടുണ്ട്. ഞാൻ പോകുന്നു എന്നു മാത്രം എന്നോടു പറഞ്ഞു. വിഡിയോ കോളിലാണ് വിളിച്ചത്. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നാണ് അവൻ പറഞ്ഞത്. അതും പറഞ്ഞ് ഇളയ കുട്ടിയുമായി വെളിയിൽത്തന്നെ നിന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നു,” ബീന പറഞ്ഞു.

വ്യാഴാഴ്ച രാത്രി കരമന തളിയലിലെ വീട്ടിൽ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് അപർണ നായരെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഘതീർത്ഥം, അച്ചായൻസ്, മുദ്ദ്ഗൗ, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലും ചന്ദനമ, ആത്മസഖി, തുടങ്ങിയ, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide