ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണ സമയത്ത് രാജ്യത്തെയാകമാനം ആകാംക്ഷയുടെ നെറുകയില്‍ നിര്‍ത്തിയിരുന്ന കൗണ്ട്ഡൗണ്‍ ശബ്ദത്തിനുടമയായിരുന്ന എൻ. വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിനിയിരുന്നു എന്‍ വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്തായിരുന്നു രാജ്യം ഒടുവിലായി വളര്‍മതിയുടെ കൗണ്ട്ഡൗണ്‍ കേട്ടത്.
1984ല്‍ ആണ് വളര്‍മതി ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റ്‌ലൈറ്റായ റിസാറ്റ്-1ന്റെ പ്രോജക്ട് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. 2012ല്‍ ആയിരുന്നു റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി കെ അനുരാധക്ക് ശേഷം ഐഎസ്ആർഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിതയായിരുന്നു എൻ വളർമതി.
ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണാര്‍ത്ഥം തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആദ്യ അബ്ദുള്‍ കലാം പുരസ്‌കാരം നേടിയത് വളര്‍മതി ആയിരുന്നു. 2015ല്‍ ആയിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ അബ്ദുള്‍ കലാം പുരസ്‌കാരം നല്‍കി ആദരിച്ചത്. ഐഎസ്ആർഒയിലെ മുൻ ഡയറക്ടർ ഡോ. പി വി വെങ്കിടകൃഷ്ണൻ എക്‌സിലൂടെയാണ് വളര്‍മതിയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്.
ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകൾക്ക് വളർമതിയുടെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ-3 ആയിരുന്നു അവസാന കൗണ്ട്ഡൗൺ പ്രഖ്യാപനം. അപ്രതീക്ഷിതമായ ഒരു വിയോഗം. വല്ലാത്ത സങ്കടം തോന്നുന്നുവെന്നാണ് പി വി വെങ്കിടകൃഷ്ണൻ കുറിച്ചത്.