ഐക്യദാര്‍ഢ്യം; ന്യൂയോര്‍ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും

ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ ഇന്ന് ഇസ്രയേലിലേക്ക് പോകും. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കാത്തി ഹോക്കലിന്റെ സന്ദര്‍ശനം. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് ഗവര്‍ണര്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു.

ഇസ്രായേലിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ളത് ന്യൂയോര്‍ക്കിലാണ്. ഈ ദുഷ്‌കരമായ സമയത്ത് ഇസ്രയേലിനെ പിന്തുണയ്‌ക്കേണ്ടത് മറ്റെന്തിനെക്കാളും പ്രധാനമാണെന്ന് കാത്തി ഹോക്കല്‍ പറഞ്ഞു. ഇന്നും നാളെയും എന്നേക്കും ന്യൂയോര്‍ക്ക് ഇസ്രയേലിനൊപ്പം നില കൊള്ളുന്നുവെന്ന് ലോകത്തെ അറിയിക്കുമെന്നും കാത്തി ഹോക്കല്‍ പറഞ്ഞു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ നയതന്ത്ര നേതാക്കളുമായും വിവിധ കമ്യൂണിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.

ഇസ്രയേലിനു പുറത്ത് ലോകത്ത് ഏറ്റവുമധികം യഹൂദ ജനസംഖ്യയുള്ള ഒരു സംസ്ഥാനം ഭരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് കാത്തി ഹോക്കല്‍ കഴിഞ്ഞ ദിവസം മാന്‍ഹട്ടനില്‍ നടന്ന ഇസ്രായേല്‍ അനുകൂല റാലിയില്‍ പറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സ്വദേശിയായ സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമര്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്രായേലിലേക്ക് പോയിരുന്നു.

More Stories from this section

family-dental
witywide