ന്യൂസ് ക്ളിക്കിന്റെ ദില്ലി ഓഫീസ് സീല്‍ ചെയ്തു, ദില്ലി പൊലീസിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ചൈനക്ക് അനുകൂലമായി വാര്‍ത്ത നല്‍കാന്‍ അമേരിക്കയിലെ കോടീശ്വരനില്‍ നിന്ന് പണം വാങ്ങി എന്ന് ആരോപിച്ചായിരുന്നു ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ റെയ്ഡ്. രാവിലെ ന്യൂസ് ക്ളിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളില്‍ ദില്ലി പൊലീസ് സംഘം റെയ്ഡ് നടത്തി. ന്യൂസ് ക്ളിക്കിന്റെ ദില്ലിയിലെ ഓഫീസിന് പുറമെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തി. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ദില്ലിയിലെ സിപിഎം ആസ്ഥാനത്തെ ഒരു ജീവനക്കാരന്റെ മകനും ന്യൂസ് ക്ളിക്കിലെ ജേര്‍ണലിസ്റ്റുമായ സുമിത് താമസിച്ചിരുന്ന സ്ഥലം എന്ന് ചൂണ്ടിക്കാട്ടി സീതാറാം യെച്ചൂരിയിലുടെ വീടും റെയ്ഡ് ചെയ്തു. വൈകീട്ടോടെയാണ് ന്യൂസ് ക്ളിക് ദില്ലി ഓഫീസ് പൊലീസ് സീല്‍ ചെയ്തത്.

റെയ്ഡിന് പിന്നാലെ ന്യൂസ് ക്ളിക് ചീഫ് എഡിറ്റര്‍ പ്രഭീത് പുരകായസ്തയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടൊപ്പം നിരവധി ജേര്‍ണലിസ്റ്റുകളും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ വ്യക്തമാക്കുന്നത്.

ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്ലിന് പുറമെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ന്യൂസ് ക്ളിക്കിനെതിരെ അന്വേഷണം ആരംഭിച്ചു. ന്യൂസ് ക്ളിക്കിലേക്ക് എത്തിയ 86 കോടി രൂപയുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ വ്യവസായിയായ നെവില്ലേ റോയ് ചൗധരിയില്‍ പണം വാങ്ങി ചൈന അനുകൂല വാര്‍ത്ത അടുത്ത കാലത്ത് ന്യൂസ് ക്ളിക് പുറത്തുവിട്ടുവെന്നും പൊലീസ് ആരോപിക്കുന്നു. ന്യൂസ് ക്ളിക്കിനെതിരെ യു.എ.പി.എ പ്രകാരം കേസെടുത്ത അന്വേഷണ സംഘം ഉടന്‍ തന്നെ ജേര്‍ണലിസ്റ്റുകളുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

News Clicks Delhi office has been sealed by the police

More Stories from this section

family-dental
witywide