പശ്ചിമേഷ്യൻ യുദ്ധം: അതിവൈകാരിക റിപ്പോർട്ടിങ് ഭീതി പരത്തുന്നെന്ന് കേന്ദ്ര സർക്കാർ, അടുത്ത നാല് ആഴ്ചത്തേക്ക് ടെലിവിഷൻ റേറ്റിംഗ് തടയും

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വാർത്താ ചാനലുകളുടെയും റേറ്റിങ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നാലാഴ്ചത്തേക്ക് റദ്ദാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് അനാവശ്യ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന രീതിയിൽ ചില ടെലിവിഷൻ ചാനലുകൾ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

ഇതിന്റെ ഭാഗമായി രാജ്യത്തെ ടെലിവിഷൻ റേറ്റിംഗ് (ടിആർപി) അടുത്ത നാല് ആഴ്ചത്തേക്ക് തടയാൻ മന്ത്രാലയം തീരുമാനിച്ചു. റേറ്റിംഗ് ഏജൻസിയായ ബാർക്കിന് (BARC) ഇതുസംബന്ധിച്ച അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ സംബന്ധിച്ച വാർത്തകളിൽ പല മാധ്യമങ്ങളും അതിശയോക്തി കലർന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം.

കാഴ്ചക്കാരുടെ എണ്ണത്തെ കണക്കാക്കി റേറ്റിങ് നിശ്ചയിക്കുന്നത് നിശ്ചിതകാലത്തേക്ക് മരവിപ്പിക്കുമ്പോൾ, ചാനലുകൾക്കിടയിലെ സമ്മർദവും കിടമത്സരവും ഒഴിവാകുമെന്നാണ് വിലയിരുത്തൽ. നാലാഴ്ച ചാനലുകളെ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കും.

ഭീതിവളർത്താനുകുന്നതരത്തിൽ വാർത്താവതരണത്തിൽ സെൻസേഷണലിസം തുടർന്നാൽ റേറ്റിങ് മരവിപ്പിക്കൽ വീണ്ടും നീട്ടുമെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

റേറ്റിംഗിനായുള്ള മത്സരത്തിൽ വാർത്താ മൂല്യങ്ങളും മാധ്യമ മര്യാദകളും ലംഘിക്കപ്പെടുന്നത് തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തുന്നത് രാജ്യതാൽപ്പര്യത്തിന് ഗുണകരമല്ലെന്നും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ കടമയെന്നും കേന്ദ്രം വ്യക്തമാക്കി.

.

Television ratings TRP will be suspended for the next four weeks in India

More Stories from this section

family-dental
witywide