സബ്സിഡി സാധനങ്ങള്‍ ഇല്ല, നാട്ടുകാര്‍ പ്രതിഷേധത്തില്‍; സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാതെ മേയറും എംഎല്‍എയും മടങ്ങി

തൃശൂര്‍: തൃശൂരിലെ സപ്ലൈക്കോയില്‍ സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ഉദ്ഘാടനത്തിനെത്തിയ മേയറും എംഎല്‍എയും ഉദ്ഘാടനം നിര്‍വ്വഹിക്കാതെ മടങ്ങി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് ഉദ്ഘാടകനായ മേയര്‍ എംകെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനും അറിയിക്കുകയായിരുന്നു.

പതിമൂന്ന് സാധനങ്ങള്‍ സബ്സിഡിയിയായി നല്‍കുമെന്നായിരുന്നു സപ്ലൈക്കോ അറിയിച്ചിരുന്നത്. അതിന് പുറമെ നോണ്‍ സബ്സിഡി സാധനങ്ങള്‍ അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടന ദിവസം രാവിലെ മുതല്‍ തന്നെ നിരവധിയാളുകള്‍ സാധനം വാങ്ങാനെത്തി. എന്നാല്‍ സപ്ലൈകോ അറിയിച്ചിരുന്നതു പോലെ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ഫെയറില്‍ ഉണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്ന് സബ്സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. സബ്സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജീവനക്കാരോട് ചോദിക്കുമ്പോള്‍ മറ്റുള്ള സാധനങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞിട്ട് എത്തുമെന്നാണ് പറഞ്ഞതെന്നും ക്രിസ്മസ് കഴിഞ്ഞിട്ട് സാധനങ്ങള്‍ കിട്ടിയാല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമോയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ഉദ്ഘാടനത്തിനെത്തിയ മേയറും എംഎല്‍എയും മടങ്ങി ഉദ്ഘാടനം നിര്‍വ്വഹിക്കാതെ മടങ്ങി.

തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ക്രിസ്മസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ മുപ്പത് വരെയയായിരിക്കും നടക്കുക. രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണിവരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 25ന് ഫെയര്‍ അവധിയായിരിക്കും.