കാനഡയെ വിഴുങ്ങി കാട്ടുതീ; പടിഞ്ഞാറൻ മേഖലയിൽ നിന്ന് 30,000 പേരെ മാറ്റിപ്പാർപ്പിക്കും

ഒട്ടാവ: കാനഡയുടെ പടിഞ്ഞാറൻ മേഖലകളിലും കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. കെലോന നഗരത്തിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ 30,000 ത്തോളം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിട്ടു. 1,50,000 പേർ താമസിക്കുന്ന കെലോന നാഗരം കാട്ടുതീയുടെ പുകയിൽ ശ്വാസം മുട്ടുകയാണ്.

അതേസമയം, കാനടയുടെ വടക്കൻ മേഖലകളിൽ നിന്നും ഇതുവരെ ഇരുപത്തിരണ്ടായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. മലമ്പ്രദേശങ്ങൾ മിക്കതും അഗ്നിക്കിരയായി.

കാട്ടുതീ രൂക്ഷമായ യെല്ലോനൈഫിൽനിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കാൻ അധികൃതർ നിർദേശം നൽകി. കഴിഞ്ഞ 48 മണിക്കൂറിനിടെ പത്തൊമ്പതിനായിരത്തിലധികം ആളുകൾ ഇവിടെനിന്ന് പലായനം ചെയ്തു. പതിയ്യായിരം പേരെ കരമാർഗവും മൂവ്വായിരത്തിഎണ്ണൂറു പേരെ വിമാനമാർഗവുമാണ് ഒഴിപ്പിച്ചത്. രണ്ടായിരത്തിഅവനൂറ്‌ ആളുകൾ ഇനിയും പ്രദേശത്ത് തുടരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. അതിൽ ആയിരത്തിലധികം പേരും രക്ഷാപ്രവർത്തകരാണ്.

സ്ഥിതി കൂടുതൽ സങ്കീർണമാവുകയാണെന്നും ആളുകൾ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും വടക്കുപടിഞ്ഞാറൻ പ്രവിശ്യാസർക്കാരിലെ പരിസ്ഥിതി മന്ത്രി ഷെയ്ൻ തോംപ്‌സൺ ആവശ്യപ്പെട്ടു. അടിയന്തരഘട്ടങ്ങളിൽ ആളുകളെ സഹായിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി അധികൃതരും അറിയിച്ചു. കാട്ടുതീബാധിതമേഖലകളിലേക്ക് അനാവശ്യമായി സഞ്ചരിക്കരുതെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.

ഒരുമാസം മുന്‍പുണ്ടായ ഇടിമിന്നലില്‍ നിന്നാണ് കാട്ടുതീ ഉണ്ടായതെന്നാണ് കരുതുന്നത്. രൂക്ഷമായി തുടരുന്ന കാട്ടുതീയ്ക്ക് അടുത്ത ദിവസങ്ങളിലൊന്നും തന്നെ ശമനം ഉണ്ടാകില്ലെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide