ദുരന്തഭൂമിയായി മൊറോക്കോ; ഭൂചലനത്തിൽ മരണ സംഖ്യ 600 കടന്നു

റബറ്റ്: മൊറോക്കോയിലെ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. 632 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 329 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 51 പേരുടെ നില ​ഗുരുതരമാണ്. ചരിത്ര ന​ഗരമായ മറാക്കഷിലടക്കം വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രം​ഗത്തുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്.

തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

മൊറോക്കോയിലെ ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മൊറോക്കോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. മൊറോക്കോയ്ക്ക് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide