വസ്തുത മറച്ചുവെച്ചു; ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: വസ്തുത മറച്ചുവെച്ച് തനിക്കെതിരെ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പൗരാവകാശ പ്രവര്‍ത്തകനെന്ന് വാദിക്കുന്ന കെ വി ഷാജിയെക്കൊണ്ട് ചാനല്‍ തനിക്കെതിരെ പരാതി നല്‍കുന്നുവെന്നും പി വി അന്‍വര്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസില്‍, ഓഫീസ് റെയ്ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് തന്റെ പിന്നാലെ വരുന്നതെന്നും എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പിവി അന്‍വര്‍ എംഎല്‍എ സംസാരിച്ചത്:

‘എന്റെ പിന്നാലെ കേസുമായി നടക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ചെലവ് കൊടുത്ത് കൊണ്ടുനടക്കുന്നതാണ് കെ വി ഷാജിയെ. താമരശേരി ലാന്‍ഡ് ബോര്‍ഡ് ആറ് ഏക്കറോളം അധികഭൂമിയുണ്ടെന്നും ഏറ്റെടുക്കണമെന്നും വിധി വന്നിരുന്നു. 200 ലേറെ ഏക്കര്‍ ഭൂമി അധികമുണ്ടെന്നതില്‍ നിന്നാണ് ആറിലേയ്ക്ക് എത്തിയത്. വിധി ഏകപക്ഷീയമായിരുന്നു. കക്ഷി എന്ന നിലയ്ക്ക് ഞാനും കുടുംബവും നല്‍കിയ വിശദീകരണം കണക്കിലെടുക്കാതെയാണ് ലാന്റ് ബോര്‍ഡില്‍ നിന്ന് വിധി വന്നത്.

ഒരു പൗരനെന്ന നിലയില്‍ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ എല്ലാ പ്രൊസീഡിംഗ്‌സും ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ലാന്റ് റികവറി പ്രൊസീഡിംഗ്‌സും സ്റ്റേ ചെയ്തു. എന്റെ ഭാഗത്തുനിന്ന് ഉന്നയിച്ച വാദങ്ങള്‍കൂടി പരിശോധിച്ച ശേഷം കേസിന്റെ മെറിറ്റിലേക്ക് കടക്കാനാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതെല്ലാം ഏഷ്യാനെറ്റ് മറച്ചുവെച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മാത്രമല്ല, മുഖ്യമന്ത്രി അടക്കം തന്നെ സഹായിക്കുന്ന നിലപാടാണ് എന്ന രീതിയിലാണ് വാര്‍ത്ത വന്നിരിക്കുന്നത്.

കുമരകത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് റിസോര്‍ട്ട് പൊളിച്ചുകളയാന്‍ ഏഷ്യാനെറ്റ് ന്യൂസ് സിഎംഡിക്കെതിരെ പഞ്ചായത്ത് നല്‍കിയ നോട്ടീസ് ഹൈക്കോടതിയില്‍ പോയി താത്കാലികമായി സ്റ്റേ ചെയ്ത് ആ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. പി വി അന്‍വര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസ് എവിടെയുമുണ്ടാകില്ല. താവഴിയായി കിട്ടിയ മുതലിലും അധ്വാനിച്ചുണ്ടാക്കിയ ഭൂമിയിലും അധിക ഭൂമിയുണ്ടെന്നാണ് പറയുന്നത്. ഏഷ്യാനെറ്റിന്റെ സിഎംഡി ചെയ്തത് അതല്ല, സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണ്.

പോക്‌സോ കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിന്റെ പ്രതികാരം എന്നോട് തീര്‍ക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസില്‍, ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും റെക്കോര്‍ഡിംഗിന് ഉപയോഗിച്ച കംപ്യൂട്ടര്‍ ഉപകരണങ്ങളും ഹാജരാക്കന്‍ പൊലീസ് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാകുന്നില്ല. ഇതിനെതിരെ പൊലീസ് കോടതിയെ സമീപിച്ചു. അവസാന കുറ്റപത്രം സമര്‍പ്പിക്കാന്‍ ഈ തെളിവുകള്‍ പൊലീസിന് ആവശ്യമാണ്.

ഡിസംബര്‍ ഏഴിന് കോഴിക്കോട്ടെ ഏഷ്യാനെറ്റ് ന്യൂസും എട്ടിന് കണ്ണൂര്‍ ഓഫീസും റെയ്ഡ് ചെയ്ത് ഉപകരണങ്ങള്‍ കണ്ടെത്തി പരിശോധിക്കാനും ജില്ലാ പോക്‌സോ കോടതി ഉത്തരവായിട്ടുണ്ട്. ഷാജഹാന്‍ കാളിയത്ത്, നൗഫല്‍ ബിന്‍ യൂസഫ്, സിന്ധു സൂര്യകുമാര്‍, നീലി ആര്‍ നായര്‍, വിപിന്‍ മുരളീധരന്‍, വിനീത് ജോസഫ് എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതില്‍ ജാമ്യമെടുത്തിരിക്കുകയാണ് ഇവര്‍’ പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide