ഇന്ത്യയിലെ ആദ്യ ‘ബിജെപി പ്രധാനമന്ത്രി’ നരസിംഹ റാവു, ബാബ്റി മസ്ജിദ് പൊളിക്കാന്‍ ഒത്താശ ചെയ്തു: മണിശങ്കർ അയ്യർ

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രി എ.ബി വാജ്പേയി അല്ലെന്നും, അത് പി.വി നരസിംഹ റാവു ആണെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. നരസിംഹ റാവു “മതേതര പാതയിൽ നിന്നും വർഗീയ പാതയിലേക്ക് രാജ്യത്തെ നയിച്ചു,” എന്നും മണിശങ്കർ അയ്യർ ആരോപിച്ചു. ആത്മകഥയായ ‘മെമ്മോയിര്‍സ് ഓഫ് മാവെറിക്കി’ന്റെ പ്രകാശനചടങ്ങിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പി.വി നരസിഹ റാവു എത്ര വലിയ വർഗീയവാദിയാണെന്ന് താൻ കണ്ടിട്ടുണ്ടെന്ന് മണിശങ്കർ അയ്യർ പറഞ്ഞു.

രാം റഹിം യാത്രനടത്താൻ ഒരുങ്ങിയഘട്ടത്തിൽ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പ്രതികരണം. “യാത്രയോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ റാവു എന്നാല്‍ മതനിരപേക്ഷത സംബന്ധിച്ച എന്റെ നിര്‍വചനത്തോട് യോജിപ്പില്ലെന്ന് പറഞ്ഞു. ഇതൊരു ഹിന്ദുരാജ്യമാണെന്ന യാഥാര്‍ഥ്യം മണി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഇതുതന്നെയാണ് ബിജെപിയും പറയുന്നതെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ കസേരയില്‍ നിന്നെണീറ്റു. ബാബ്റി പള്ളി പൊളിച്ച ഘട്ടത്തില്‍ റാവു പൂജയുടെ തിരക്കിലായിരുന്നു,” അയ്യര്‍ പുസ്തക പ്രകാശന ചടങ്ങില്‍ വെളിപ്പെടുത്തി.

പി.വി നരസിംഹ റാവു

നരേന്ദ്രമോദിക്ക് മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരെല്ലാം പാക്കിസ്ഥാനുമായി ഏതെങ്കിലുംതരത്തിലുള്ള ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്താൻ ധൈര്യംകാട്ടുമെങ്കിലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അവരുമായി ചർച്ചനടത്താൻ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“പാക്കിസ്ഥാനിലെ ജനങ്ങൾ ഇന്ത്യയെ ശത്രുരാജ്യമായി കരുതുന്നില്ല. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പാകിസ്താനുമായി ചർച്ചനടത്താനും ധാരണയുണ്ടാക്കാനും മുൻകൈയെടുത്തിരുന്നു. എന്നാൽ, പാക്കിസ്ഥാനുമായുള്ള പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അത് എക്കാലത്തും ഇന്ത്യയുടെ കഴുത്തിൽ ഒരു കുരുക്കായിക്കിടക്കുമെന്ന് ഭയക്കുന്നു. അതിനാൽ നമുക്ക് വിശ്വഗുരുവാകാൻ കഴിയില്ല,’’ അയ്യർ അഭിപ്രായപ്പെട്ടു.

Summary: P.V. Narasimha Rao Was ‘First BJP PM’ of India, Says Mani Shankar Aiyar

More Stories from this section

family-dental
witywide