
വെസ്റ്റ് ബാങ്ക്: കൊലപാതകങ്ങൾക്ക് പലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രയേലിന്റെ ക്രൂരത. അധിനിവേശ വെസ്റ്റ്ബാങ്കിലാണ് സംഭവം നടന്നത്. അലാ അബു ഹഷ്‌ഹാഷ് എന്ന യുവാവാണ് ഇസ്രയേലിന്റെ ക്രൂരതക്ക് ഇരയായത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന അതിക്രമത്തിന് തിരിച്ചടി കിട്ടാതിരിക്കാനാണ് യുവാവിനെ കണ്ണുകൾ മൂടിക്കെട്ടി കൈകളിൽ വിലങ്ങണിയിച്ച് റോഡിൽ ഇരുത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച രാവിലെ അൽ ജസീറ അറബിക് പുറത്തുവിട്ടു. ഹഷ്ഹാഷിന്റെ പിന്നിൽ ഇരുന്ന് പലസ്തീനികൾക്ക് നേരെ വെടിയുതിർക്കാനൊരുങ്ങുന്ന ഇസ്രയേലി പട്ടാളക്കാരനെയും സമീപത്തുതന്നെ പട്ടാള ടാങ്കും മറ്റു പട്ടാളക്കാരെയും ദൃശ്യങ്ങളിൽ കാണാം.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ഇതോടെ, ഒക്‌ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 182 പലസ്തീനികൾ കൊല്ലപ്പെട്ടതായി ‘വഫ’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.














