‘ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല’; ചെയര്‍മാന് കത്തയച്ച് മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മോദിക്കും അദാനിക്കുമെതിരെ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന തനിക്കെതിരായ പരാതിയില്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ഈ വിഷയം പരമാര്‍ശിച്ച് എത്തിക്സ് കമ്മിറ്റി ചെയര്‍മാനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കറിന് മഹുവ കത്തയച്ചു.

നിയമ നിര്‍വഹണ ഏജന്‍സിക്ക് മാത്രമേ ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ളൂ. പാര്‍ലമെന്ററി കമ്മറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധി ഇല്ലെന്ന് മഹുവ കത്തില്‍ പറയുന്നു. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ആസ്വദിക്കുന്ന സര്‍ക്കാര്‍ സമിതികളുടെ ദുരുപയോഗം തടയാന്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥാപകര്‍ പ്രത്യേകം തയാറാക്കിയതാണ് ഈ വ്യവസ്ഥയെന്നും മൊയ്ത്ര കത്തില്‍ ചൂണ്ടിക്കാണിച്ചു. എക്സിലൂടെ മഹുവ തന്നെയാണ് കത്ത് പങ്കുവെച്ചിരിക്കുന്നത്.

പണം വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിച്ചെന്ന ആരോപണത്തില്‍ മഹുവ മൊയ്ത്രയോട് നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ആരോപണങ്ങള്‍ അന്വേഷിക്കുന്ന എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. നാളെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാനിരിക്കെയാണ് ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ കത്തയച്ചത്. പാര്‍ലമെന്ററി കമ്മറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധി ഇല്ലെന്ന് ബഹുമാനപൂര്‍വം ഓര്‍മിപ്പിക്കുന്നുവെന്നാണ് കത്തില്‍ മഹുവ എഴുതിയത്.

ലോക്സഭയില്‍ ബിജെപിക്കെതിരെയും അദാനിക്കെതിരെയും നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വ്യവസായി ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് മൊയ്ത്രയ്ക്കെതിരായ ആരോപണം. രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്.

More Stories from this section

family-dental
witywide