
തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിയുമായി സംഖ്യമുണ്ടാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകിയിരുന്നു എന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൌഡ. ബിജെപി സംഖ്യമുണ്ടാക്കുന്നത് ജെഡിഎസിനെ രക്ഷിക്കാനെണെന്ന ധാരണയിൽ ജെഡിഎസ് കേരള ഘടവും ഇതിനെ അനുകൂലിച്ചിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ പുതിയ വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം ദേശീയ അധ്യക്ഷൻ ഒറ്റയ്ക്ക് എടുത്തതാണെന്നും ജെഡിഎസ് കേരള ഘടകം പ്രസിഡൻ്റ് മാത്യു ടി. തോമസ് പറഞ്ഞു. ‘പിണറായി വിജയൻറെ സമ്മതമുണ്ടായിരുന്നു എന്നത് രസകരമായ വാർത്തയാണ്. തെറ്റിദ്ധാരണ മൂലമോ പ്രായാധിക്യത്തിന്റെ പിഴവ് കൊണ്ടോ ആയിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. ഗൗഡയുമായി കേരളാ മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിട്ട് മാസങ്ങളോ വർഷങ്ങളോ ആയിട്ടുണ്ടാകും. ദേവഗൗഡയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. കേരളാ ഘടകം ആരോപണങ്ങളെ നിഷേധിക്കുന്നു. ബിജെപി ബന്ധത്തിന് കേരളാ മുഖ്യമന്ത്രിയോ പാർട്ടിയുടെ സംസ്ഥാന ഘടകമോ അനുവാദം നൽകുക എന്നത് അസംഭവ്യമാണ്.” മാത്യു ടി തോമസ് പ്രതികരിച്ചു.
ബിജെപിയുമായി സഖ്യം രൂപീകരിച്ചതിനോട് യോജിക്കുന്നില്ലെന്ന നിലപാടായിരുന്നു ജെഡിഎസ് കേരളാ ഘടകത്തിന്റേത്. അതിന്റെ ഭാഗമായി കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഒക്ടോബർ ആദ്യം ബെംഗളുരുവിലെത്തി ദേവഗൗഡയെ നേരിൽകണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തീർത്തും റദ്ദ് ചെയ്യുന്ന പ്രസ്താവനയായിരുന്നു ദേവഗൗഡ നടത്തിയത്. ഇതോടെ ആരോപണം ഏറ്റെടുത്ത് കോൺഗ്രസ് രംഗത്തെത്തി.
ബിജെപി പിണറായി വിജയനെ പേടിപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും അതിനാലാണ് ബിജെപി സഖ്യത്തിലുള്ള പാർട്ടിയുടെ നേതാവിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നതെന്നും വി .ഡി സതീശൻ ആരോപിച്ചു.
ബിജെപി- ജെഡിഎസ് സഖ്യത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച കർണാടക അധ്യക്ഷൻ സി .എം ഇബ്രാഹിമിനെ പദവിയിൽ നിന്ന് പുറത്താക്കിയ തീരുമാനം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ ആരോപണങ്ങൾ.,
ദേവഗൌഡയുടെ ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
ആരു പറയുന്നതാണ് സത്യമെന്ന് അറിയില്ലെന്നും ദേവഗൌഡയുടെ ആരോപണത്തിന് പിണറായി മറുപടി പറയണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
Pinarayi agreed to JDS – BJP alliance in Karnataka says Deve Gowda