15 ഏക്കർ ഭൂമിയും 150 പവൻ സ്വർണവം ഒരു BMW കാറും: ഡോ. ഷഹ്നയ്ക്ക് വിലയിട്ടവർക്കെതിരെ കേസ് എടുത്ത് പൊലീസ്

തിരുവനന്തപുരം: പിജി ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സുഹൃത്തായ ഡോ റുവൈസിനെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു ഡോ റുവൈസ്. ഷഹനയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഉയര്‍ന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചത്. ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

സുഹൃത്തായിരുന്ന ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. 15 ഏക്കർ ഭൂമിയും 150 പവൻ സ്വർണവം ഒരു ബിഎംഡബ്ളിയു കാറും ഇയാൾ സ്ത്രീധനമായി ആവശ്യപ്പെട്ടു എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. അഞ്ചേക്കർ ഭൂമിയും കാറും നൽകാമെന്ന് പറഞ്ഞിട്ടും വരൻ്റെ വീട്ടുകാർ സമ്മതിച്ചില്ല, കാറിൻ്റെ ബ്രാൻഡിന്റെ കാര്യത്തിൽ നിർബന്ധം പിടിച്ചു. സ്വർണം വേണമെന്നും ആവശ്യപ്പെട്ടതായി ഷെഹനയുടെ അമ്മ പരാതിപ്പെട്ടിട്ടുണ്ട്.

എന്നാൽ ഷഹന ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. സംഭവത്തിൽ ഡോ റുവൈസ് പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല. സ്ത്രീധനമാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തെ കുറിച്ച് ശിശുവികസന വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന പഠനത്തിൽ മിടുക്കിയായിരുന്നു. മെറിറ്റ് സീറ്റിലായിരുന്നു എംബിബിഎസ് പ്രവേശനം. വിദേശത്തായിരുന്ന അച്ഛൻ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെയാണ് കുടംബം സാമ്പത്തിക പ്രതിസന്ധിയിലായത്. സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. ഷെഹനയുടെ അച്ഛൻ പലർക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല. ഇതും ഈ കുടുംബത്തെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഡോ. ഷഹാനയുടെ മരണം പ്രത്യേക സമതി അന്വേഷിക്കണമെന്ന് മഹിള കോൺഗ്രസ്  ആവശ്യപ്പെട്ടു. ജുഡീഷ്യൽ അംഗം ഉൾക്കൊള്ളുന്ന പ്രത്യേക കമ്മീഷൻ സംസ്ഥാന സർക്കാർ രൂപീകരിക്കണം. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ട സ്ഥലത്ത് സ്ത്രീധന പീഡനങ്ങൾ വർദ്ധിക്കുമ്പോൾ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

ഷെഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഡോ. റുവൈസിനെ ഭാരവാഹി സ്ഥാനത്ത് നിന്ന് പിജി ഡോക്ടർമാരുടെ സംഘടന നീക്കി. അന്വേഷണത്തിൽ സുതാര്യതയെ ഉറപ്പാക്കാനാണ് നടപടിയെന്ന്  കെഎംപിജിഎ അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം എന്നും കെഎംപിജിഎ പുറത്തിറക്കിയ കുറിപ്പിൽ നിർദ്ദേശിച്ചു. ഡോക്ടർ ഷഹ്നയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാർത്താക്കുറിപ്പിൽ സംഘടനാ ഭാരവാഹികൾ അറിയിച്ചു. 

Police and woman’s commission to investigate on alleged dowry issue which caused the death of a pg doctor

More Stories from this section

family-dental
witywide