പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികള്‍

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 60 സാക്ഷികളെയും നാല്‍പത് രേഖകളും ഉള്‍പ്പെടുത്തി 750 പേജുള്ള കുറ്റപത്രമാണ് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികളാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി കെ രമേശന്‍ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയില്‍ കെ ജി മഞ്ജു (43) എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാല് വരെയുള്ള പ്രതികള്‍. കേസില്‍ എംആര്‍ഐ റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്.

2017-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയെന്ന യുവതിയുടെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. അഞ്ച് വര്‍ഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ കത്രിക ചുമക്കേണ്ടിവന്നത്. വേദന മാറാന്‍ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബര്‍ 13-ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. ഇതിനു ശേഷം മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

തുടര്‍ന്ന് ഫെബ്രുവരി 26ന് ഹര്‍ഷിന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടറിയേറ്റിന് മുമ്പില്‍ ഹര്‍ഷിന സമരം നടത്തിയിരുന്നു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. പറയുന്നത് സത്യമെന്ന് ഉറപ്പ് ഉണ്ടായിരുന്നുവെന്നും നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഷിന പ്രതികരിച്ചു.

More Stories from this section

family-dental
witywide