പെട്ടി പൊട്ടിക്കും മുൻപേ യുഡിഎഫിന്റെ വിജയാഘോഷം; പുതിയ നായകനെ കാത്ത് പുതുപ്പള്ളി

കോട്ടയം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതുപ്പള്ളി വോട്ടെണ്ണൽ ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. ആകെ ലഭിച്ച 10 പോസ്റ്റൽ വോട്ടുകളിൽ 7 എണ്ണം ചാണ്ടി ഉമ്മനും 3 എണ്ണം ജെയ്ക്കിനുമാണ്. താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാൽ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പെട്ടി പൊട്ടിച്ച് വോട്ടെണ്ണൽ തുടങ്ങും മുമ്പ് ആഘോഷം തുടങ്ങി കോണ്‍ഗ്രസ് പ്രവർത്തകർ. വേട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ചാണ്ടിക്ക് മുദ്രാവാക്യം വിളിയോടെ നിരവധി പ്രവർത്തകരെത്തി. വിജയമുറപ്പെന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ആഘോഷം തുടങ്ങി. പുതുപ്പള്ളി ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്ന് മുതിർന്ന കോണ്‍ഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. വരുന്ന 11-ാം തീയതി കേരള നിയമസഭയിൽ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞയാണ്. പോളിംഗ് ദിനത്തിൽ കണ്ട സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരുടെ ഒഴുക്ക് സർക്കാർ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നും തിരുവഞ്ചൂർ പറഞ്ഞു.

അതേസമയം, ശുഭ പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനം ആവശ്യപ്പെടുന്നതെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഫലം വരാൻ മിനിറ്റുകളേ ബാക്കിയുള്ളു. ഇന്നിനി അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്. ഇടതുപക്ഷ മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഐക്യത്തോടെയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്തതെന്നും ജെയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.