
ദോഹ: ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ചാരവൃത്തികുറ്റം ചുമത്തി ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. പൗരന്‍മാരെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യന്‍ പൗരന്‍മാരെ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിനു വേണ്ടിയും ചാരവൃത്തി ചെയ്തു എന്നാണ് പ്രധാന ആരോപണം.
ഇറ്റലിയിൽ നിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കി എന്നതാണ് കേസിന്റെ അടിസ്ഥാനമെന്ന് ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രതിരോധ കമ്പനിയിലെ ജീവനക്കാരായാണ് ഇന്ത്യന്‍ നേവിയുടെ മുന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കമ്പനിയുടെ സിഇഒയും ഖത്തറിലെ അന്താരാഷ്ട്ര സൈനിക ഓപ്പറേഷൻ മേധാവിയും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
Qatar court has sentenced 8 former Indian navy personnel to death