
കൊച്ചി: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ പത്മകുമാറിന്റെ ചിറക്കലെ ഫാമില്‍ ഇന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തും. ഫാമിലെ മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനതല ഉദ്യോഗ സമിതി പരിശോധന നടത്തുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചിരുന്നത് ഈ ഫാമിലാണെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ കുട്ടിയെ താമസിപ്പിച്ചിരുന്നത് പ്രതികളുടെ വീട്ടില്‍ തന്നെയായിരുന്നുവെന്ന് പിന്നീട് മൊഴിയില്‍ നിന്ന് വ്യക്തമായിരുന്നു.
അതേസമയം പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു.
തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതി പത്മകുമാറിനെപ്പറ്റി ഷീബ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകീട്ട് ഷീബയുടെ ഷാജിയെ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷീബയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
കൊല്ലം ഓയൂരില്‍ നിന്ന് നവംബര്‍ 27നാണ് ആറ് വയസ്സുകാരി അബിഗേലിനെ പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നവംബര്‍ 28ന് കൊല്ലം ആശ്രാമ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തെ പൊലീസ് തെങ്കാശിയില്‍ നിന്ന് പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നത് മുതല്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതടക്കം തെളിവുകള്‍ ലഭിക്കാതിരുന്നത് ആദ്യ ദിവസങ്ങളില്‍ പൊലീസിനെ കുഴക്കിയിരുന്നു.