
ന്യൂഡൽഹി: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഡൽഹി പൊലീസ് ‘മെറ്റ’ കമ്പനിയിൽനിന്ന് വിശദാംശങ്ങൾ തേടി. മന്ദാനയുടെ വിഡിയോ പുറത്തുവിട്ട സമൂഹമാധ്യമ അക്കൗണ്ടിന്റെയും പങ്കുവെച്ചവരുടെയും വിശദവിവരങ്ങൾ ഡൽഹി പൊലീസ് തേടിയിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിനെ തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മറ്റൊരാളുടെ ചിത്രമോ ദൃശ്യങ്ങളോ ഉപയോഗിച്ച് നിർമിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ വ്യാജമായി തയാറാക്കുന്നതാണ് ഡീപ് ഫേക് വിഡിയോകൾ. ഡീപ് ഫേക് വിഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി രശ്മിക തന്നെ രംഗത്തുവന്നിരുന്നു.
“ഓൺലൈനിൽ പ്രചരിക്കുന്ന എന്റെ ഡീപ്ഫേക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വന്നതിൽ ശരിക്കും വേദന തോന്നുന്നു. എന്നെക്കുറിച്ച് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം അപകടങ്ങൾക്ക് ഇരയാകുന്നവരെയോർത്ത് ഭയമാകുന്നു. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എങ്ങനെ നേരിടുമായിരുന്നെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഇത്തരത്തിലുള്ള ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായി ഈ വിഷയത്തെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്,” രശ്മിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.