കോർപ്പറേറ്റ് ഭീമൻമാർ ലയനത്തിന്; റിലയൻസും ഡിസ്നിയും കരാറിൽ ഒപ്പിടും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗവും വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും ലയിച്ചൊന്നാകും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കരാറിനായി ഒരു നോണ്‍-ബൈന്‍ഡിംഗ് ടേം ഷീറ്റിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കുകയാണെന്ന് വിഷയത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടപാട് നടന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ ബിസിനസ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കീഴിലാകും.

ഇരു കമ്പനികളും ലയിച്ചുണ്ടാവുന്ന സ്ഥാപനത്തിൽ മുകേഷ് അംബാനിയുടെ റിലയൻസിന് 51 ശതമാനം ഓഹരിയുണ്ടാവും. ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യ ബിസിനസിനെ ഇടപാടുപ്രകാരം റിലയന്‍സിന്റെ വയാകോം18ല്‍ ലയിപ്പിക്കും. ഇപ്രകാരമുണ്ടാകുന്ന പുതിയ കമ്പനിയില്‍ ഡിസ്‌നിക്ക് 49 ശതമാനം ഓഹരി പങ്കാളിത്തമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്.

ഇരു സ്ഥാപനങ്ങളും ലയിച്ചുണ്ടാവുന്ന പുതിയ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനമാവുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തയാഴ്ചയോടെ കരാർ ഒപ്പിടുമ്പോൾ മാത്രമേ എത്ര പണമാണ് പുതിയ സ്ഥാപനത്തിലെ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് മുടക്കുകയെന്ന് വ്യക്തമാകൂ.

ഡയറക്ടര്‍ ബോര്‍ഡില്‍ ഡിസ്‌നിക്കും റിലയന്‍സിനും തുല്യ പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. 150 കോടി ഡോളര്‍ വരെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ഒരു ബിസിനസ് പ്ലാനും ഇരുപക്ഷവും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ഇതുസംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കാൻ റിലയൻസോ ഡിസ്നിയോ തയാറായിട്ടില്ല. ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഇരു കമ്പനികളുടേയും നിലപാട്. ഒക്ടോബറിൽ ബ്ലുംബർഗാണ് ഇടപാട് സംബന്ധിച്ച് ആദ്യം വാർത്ത പുറത്ത് വിട്ടത്. ഇന്ത്യയിലെ മാധ്യമ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide