ഗൂഗിള്‍ സെർച്ചില്‍ നിന്ന് ഇനി സ്വകാര്യ ചിത്രങ്ങളും നീക്കം ചെയ്യാം

സ്വകാര്യ ചിത്രങ്ങളടക്കം വ്യക്തിപരമായ വിവരങ്ങള്‍ സെർച്ച് എഞ്ചിനിലൂടെ പങ്കുവയ്ക്കപ്പെടുന്നത് തടയാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കി ഗൂഗിള്‍. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ‘റിസള്‍ട്ട്‌സ് എബൗട്ട് യൂ’ ഫീച്ചറിനൊപ്പമാണ് സ്വകാര്യ ചിത്രങ്ങള്‍ നീക്കം ചെയ്യാനാകുന്ന പുതിയ ഫീച്ചർ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ യുഎസിലുളള ഉപയോക്താക്കള്‍ക്കാകും ഫീച്ചർ ലഭിക്കുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വരും മാസങ്ങളില്‍ ഫീച്ചർ എത്തിയേക്കും.

ആപ്പിലെ പ്രൊഫെെല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ‘റിസള്‍ട്ടസ് എബൗട്ട് യു’ (Results about you) എന്ന ഓപ്ഷന്‍ ലഭിക്കും. നഗ്നതാപ്രദർശനം ഉള്‍പ്പെടുന്നതും, ലെെംഗിക ചുവയുള്ളതുമായ ചിത്രങ്ങള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ ഈ ഫീച്ചർ വഴി ഉപയോക്താക്കള്‍ക്ക് അപേക്ഷിക്കാം. അതേസമയം, വാണിജ്യ ലക്ഷ്യങ്ങളോടെ പങ്കുവച്ച ചിത്രങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കിൽ സർക്കാർ വെബ്‌പേജുകളിലോ പോസ്റ്റ് ചെയ്‌ത ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനും പരിമിധിയുണ്ടാകും.

ഇതുള്‍പ്പടെ മൂന്ന് പുതിയ പ്രെെവസി ഫീച്ചറുകളാണ് ഗൂഗിള്‍ വ്യാഴാഴ്ച അവതരിപ്പിച്ചിരിക്കുന്നത്. അക്രമ സ്വഭാവമുള്ളതോ നഗ്നത പ്രദർശിപ്പിക്കുന്നതോ ആയ ചിത്രങ്ങള്‍ ഗൂഗിള്‍ സെർച്ചിന്റെ സേഫ് സെർച്ച് ഫീച്ചറിലൂടെ ബ്ലർ ചെയ്ത് മറയ്ക്കുന്നതാണ് രണ്ടാമത്തേത്.

ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ മറ്റാരുടെയെങ്കിലും സെർച്ച് റിസള്‍ട്ടില്‍ വരുമ്പോള്‍ അത് ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ഒരു പുതിയ ഡാഷ്‌ബോർഡും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ ഉപയോക്താക്കൾക്ക് പേഴ്സണല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇതുവഴി, വ്യക്തിഗത വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും, നിയന്ത്രിക്കാനും എളുപ്പമാകും.

ക്രെഡിറ്റ് കാർഡ് നമ്പറുകളും, സർക്കാർ ഐഡികളും ഉള്‍പ്പടെയുള്ള സെന്‍സിറ്റീവ് ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ ഗൂഗിള്‍ നേരത്തെ തന്നെ ഇവ നീക്കം ചെയ്യാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടുത്ത പടിയെന്ന നിലയിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ‘റിസള്‍ട്ട്‌സ് എബൗട്ട് യൂ’ ഫീച്ചർ അവതരിപ്പിച്ചത്. ഫോൺ നമ്പറുകൾ, വീട്ടുവിലാസങ്ങൾ, ഇമെയിൽ വിലാസങ്ങൾ അടക്കമുള്ള വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് അറിയാനും, നിയന്ത്രിക്കാനും ഈ ഫീച്ചറിലൂടെ ഉപയോക്താവിന് കഴിഞ്ഞിരുന്നു.

More Stories from this section

dental-431-x-127
witywide