
ലണ്ടൻ: ലണ്ടനിലെ മേഫെയറില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കി, കോവിഷീൽഡ് വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) സിഇഒ അദാർ പൂനാവാല്ല. ലണ്ടനില്‍ ഈ വര്‍ഷം നടന്ന ഏറ്റവും ചിലവേറിയ ഇടപാടാണിതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 138 ദശലക്ഷം പൗണ്ട് അഥവാ 1,446 കോടിയാണ് ഈ വീടിന്റെ വില.
ലണ്ടനിലെ പ്രശസ്തമായ ഹൈഡ് പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന അബെര്‍കോണ്‍വേ ഹൗസാണ് അദ്ദേഹം വാങ്ങിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ ഇതുവരെ വിറ്റുപോയ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയാണ് 1920 നിര്‍മിച്ച അബര്‍കോണ്‍വേ ഹൗസ്. അന്തരിച്ച പോളിഷ് വ്യവസായി ജാന്‍ കുല്‍സിക്കിന്റെ മകള്‍ ഡൊമിനിക കുല്‍സിക്കാണ് അദാര്‍ പൂനാവാലയ്ക്ക് ഈ വീട് വിറ്റത്.
പൂനാവാല കുടുംബത്തിന്റെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ സെറം ലൈഫ് സയന്‍സസായിരിക്കും വീട് ഏറ്റെടുക്കുന്നത്. കോവിഡ് സമയത്ത് അസ്ട്രസെനെക്കയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത സെറം കോവിഷീല്‍ഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മ്മിച്ചത്.
എന്നാല്‍, പൂനാവാല കുടുംബത്തിന് ലണ്ടനിലേക്ക് സ്ഥിരമായി മാറാനുള്ള ഉദ്ദേശമില്ലെന്നും കമ്പനിയുടെ ആവശ്യങ്ങള്‍ക്കായും യുകെ സന്ദര്‍ശിക്കുമ്പോഴുള്ള കുടുംബപരമായ ആവശ്യങ്ങള്‍ക്കായും ഈ വീട് പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.