കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പഠിക്കണം, മരണ കാരണമായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ഉറപ്പാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്താൻ മെഡിക്കൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പൊതുതാൽപര്യ ഹർജി സമർപ്പിച്ച അഭിഭാഷകൻ വിശാൽ തിവാരി, കോവിഡ്-19 കാലത്ത് വാക്‌സിനേഷന്റെ ഫലമായി ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിലോ ഗുരുതര പാർശ്വഫലങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലോ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ പറയുന്നു.

കോവിഷീൽഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനക്ക കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ ഹൈക്കോടതിയിലാണ് ഇക്കാര്യം കമ്പനി സമ്മതിച്ചത്.

അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകാം.വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ പരാതിപ്പെട്ടിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ പേരും സ്വീകരിച്ചത് കോവിഷീല്‍ഡ് വാക്‌സിനായിരുന്നു.