കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ വച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചുകഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് നടപടിയെടുക്കുക. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 18ന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കഴിഞ്ഞ യുവതിയെ അവിടെ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. പിന്നാലെ അറ്റൻഡറായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കൂടാതെ, പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ സമ്മര്‍ദം ചെലുത്തിയ അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അധികം വൈകാതെ അഞ്ചുപേരുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. തുടർന്ന്, ആരോഗ്യവകുപ്പ് അറിയാതെ അഞ്ചുപേരുടെയും സസ്പെന്‍ഷന്‍ എങ്ങനെ പിന്‍വലിക്കാനാവുമെന്ന ചോദ്യമുന്നയിച്ചുകൊണ്ട് പരാതിക്കാരി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രിയുടെ പ്രതികരണം.